'ബുംമ്രയുടെ കരിയർ വരെ അവസാനിപ്പിച്ചേക്കാം'; പരിക്കില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ ന്യൂസിലാന്‍ഡ് താരം

'അടുത്ത ലോകകപ്പ് പോലുള്ള മത്സരങ്ങളില്‍ ബുംമ്ര ഇന്ത്യയുടെ വിലയേറിയ താരമാണ്'

dot image

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംമ്രയുടെ പരിക്കില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ ന്യൂസിലാന്‍ഡ് താരവും മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് കോച്ചുമായിരുന്ന ഷെയ്ന്‍ ബോണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ബുംമ്ര 2025 ജനുവരി മുതല്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ജസ്പ്രിത് ബുംമ്ര എപ്പോള്‍ തിരിച്ചെത്തുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

എന്നാല്‍ ബുംമ്രയുടെ പരിക്ക് സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ബോണ്ട്. ഒരേ സ്ഥലത്താണ് ബുംമ്രയ്ക്ക് വീണ്ടും പരിക്കേല്‍ക്കുന്നത്. ഇതിനോടകം ബുംമ്ര ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വന്നിട്ടുണ്ട്. അതേസ്ഥലത്ത് വീണ്ടുമൊരു ശസ്ത്രക്രിയ ചെയ്യേണ്ടി വരുകയെന്നത് എളുപ്പമാവില്ല. അതുകൊണ്ടുതന്നെ ബുംമ്രയുടെ കരിയറിനെ ഈ പരിക്ക് ബാധിക്കുമെന്നാണ് ഷെയ്ന്‍ ബോണ്ട് പറഞ്ഞിരിക്കുന്നത്. താരത്തിന്റ ജോലി ഭാരത്തെ കുറിച്ചും ബോണ്ട് പ്രതികരിച്ചു.

Also Read:

'സ്‌കാനിങ്ങിന് വേണ്ടി അദ്ദേഹത്തെ സിഡ്‌നിയിലേക്ക് കൊണ്ടുപോയിരുന്നു. അവന് ഉളുക്ക് സംഭവിച്ചെന്ന രീതിയിലുള്ള ചില റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരുന്നത്. അത് ഉളുക്കല്ലെന്നും പുറംഭാഗത്ത് എല്ലിന് പരിക്കായിരിക്കാമെന്നും ഞാന്‍ ആശങ്കപ്പെട്ടു. അങ്ങനെയാണെങ്കില്‍ ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ കരുതിയിരുന്നു.

പര്യടനങ്ങളും മുന്നോട്ടുള്ള ഷെഡ്യൂളും നോക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ഇടവേള നല്‍കാനുള്ള അവസരങ്ങള്‍ എവിടെയാണുള്ളത്. ശരിക്കും അപകടകരമായ സമയമാണ് ബുംമ്രയ്ക്ക് മുന്നിലുണ്ട്? പലപ്പോഴും ഐപിഎല്ലില്‍ നിന്ന് ടെസ്റ്റിലേക്ക് എത്തുമ്പോള്‍ അപകടസാധ്യത കൂടുതലായിരിക്കും. പ്രത്യേകിച്ച് ടി20യില്‍ നിന്ന് ടെസ്റ്റ് മത്സരത്തിലേക്ക് മാറുന്നിടത്തെല്ലാം അത് വെല്ലുവിളി നിറഞ്ഞതാണ്'

'അടുത്ത ലോകകപ്പ് പോലുള്ള മത്സരങ്ങളില്‍ ബുംമ്ര ഇന്ത്യയുടെ വിലയേറിയ താരമാണ്. അതുകൊണ്ട് തുടർച്ചയായി രണ്ടിൽ കൂടുതൽ അദ്ദേഹത്തെ കളിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഐ‌പി‌എല്ലിന്റെ അവസാനത്തിൽ നിന്ന് ഒരു ടെസ്റ്റ് മത്സരത്തിലേക്ക് കടക്കുന്നത് വലിയ അപകടസാധ്യതയായിരിക്കും. അതേ സ്ഥാനത്ത് വീണ്ടും പരിക്കേൽക്കുകയാണെങ്കിൽ അദ്ദേഹത്തിന്‍റെ കരിയർ അവസാനിപ്പിക്കാൻ വരെ സാധ്യതയുണ്ട്. കാരണം നിങ്ങൾക്ക് ആ സ്ഥലത്ത് വീണ്ടും ശസ്ത്രക്രിയ നടത്താൻ കഴിയുമെന്ന് എനിക്ക് ഉറപ്പില്ല', ബോണ്ട് ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയോട് പറഞ്ഞു.

Content Highlights: Shane Bond Warns Jasprit Bumrah Of 'Career-Ending' Injury Scare

dot image
To advertise here,contact us
dot image