
ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി പുറത്തായതിന് പിന്നാലെ 14കാരി ഹൃദയാഘാതത്താല്‍ മരിച്ചെന്ന വാര്‍ത്തയിലെ സത്യാവസ്ഥ വ്യക്തമാക്കി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത്. ഉത്തര്‍പ്രദേശിലെ ദിയോരിയ സ്വദേശിനിയും അഭിഭാഷകനായ അജയ് പാണ്ഡെയുടെ മകള്‍ പ്രിയാന്‍ഷി പാണ്ഡെയാണ് ഫൈനല്‍ മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്.
ഫൈനല്‍ മത്സരത്തില്‍ വിരാട് കോഹ്ലി ഒരു റണ്ണിന് പുറത്തായതിന് ശേഷം പ്രിയാന്‍ഷി കുഴഞ്ഞുവീഴുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ തന്റെ മകളുടെ മരണത്തിന് പിന്നാലെയുണ്ടായ വാര്‍ത്തയിലെ വാസ്തവം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പിതാവ് അജയ് പാണ്ഡെ.
A 14 year old student died because of heart attack after virat kohli got out during champions trophy final 😭😭😭 pic.twitter.com/poUdVZft9p
— Kings (@introvert_boys) March 11, 2025
മാർച്ച് ഒൻപത് ഞായറാഴ്ച നടന്ന മത്സരത്തിൽ ന്യൂസിലാന്‍ഡിന്‍റെ ബാറ്റിങ് കണ്ടതിന് ശേഷം താൻ മാർക്കറ്റിലേക്ക് പോയെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ അജയ് പാണ്ഡെ പറഞ്ഞു. ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചപ്പോൾ കുടുംബത്തിലെ മറ്റുള്ളവരോടൊപ്പം പ്രിയാൻഷിയും കളി കാണാൻ ചേരുകയായിരുന്നു. പെട്ടെന്നാണ് പ്രിയാൻഷി ബോധരഹിതയായി വീണത്. ഉടനെ കുടുംബാംഗങ്ങൾ അജയ് പാണ്ഡെയെ വിവരമറിയിച്ചു.
ഉടൻ തന്നെ അദ്ദേഹം വീട്ടിലേക്ക് എത്തി പ്രിയാൻഷിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടത്താതെ പ്രിയാൻഷിയുടെ മൃതദേഹം മറവുചെയ്തു. തന്റെ മകളുടെ മരണത്തിന് പിന്നിൽ വിരാട് കോഹ്ലിയുടെ പുറത്താകലിന് ബന്ധമില്ലെന്നാണ് പിതാവ് പറയുന്നത്. മത്സരവും മകളുടെ പെട്ടെന്നുള്ള മരണവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദൃക്സാക്ഷിയായ അയൽക്കാരന്‍ അമിത് ചന്ദ്രയും അജയ് പാണ്ഡെയുടെ വാക്കുകൾ ശരിവച്ച് രംഗത്തെത്തി. സംഭവം നടക്കുമ്പോൾ താൻ അജയ്യുടെ വീടിന് പുറത്തുണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രിയാൻഷിക്ക് ഹൃദയാഘാതം സംഭവിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വിക്കറ്റുകള്‍ നഷ്ടമായിരുന്നില്ലെന്നും വിരാട് കോഹ്‌ലി ഇന്നിംഗ്സ് ആരംഭിച്ചിരുന്നില്ലെന്നുമാണ് അമിത് ചന്ദ്ര പറഞ്ഞത്.
Content Highlights: Did A 14-Year-Old Girl Suffer Heart Attack After Virat Kohli's Dismissal? What Her Father Said