
അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് സെമി ഫൈനലിൽ സച്ചിൻ തെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യ മാസ്റ്റേഴ്സിന് ഓസ്ട്രേലിയ എതിരാളികൾ. ഇന്ന് നടന്ന അവസാന ലീഗ് മത്സരത്തിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സ് - ഇംഗ്ലണ്ട് മാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയതോടെയാണ് സെമി ലൈനപ്പ് വ്യക്തമായത്. നാളെയാണ് ഷെയ്ൻ വാട്സൺ നയിക്കുന്ന ഓസ്ട്രേലിയൻ ടീം ഇന്ത്യ മാസ്റ്റേഴ്സിനെ നേരിടും. മറ്റെന്നാൾ നടക്കുന്ന രണ്ടാം സെമിയിൽ ശ്രീലങ്ക മാസ്റ്റേഴ്സ് - വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്സിനെ നേരിടും.
ആദ്യ റൗണ്ടിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ഏക ടീം ഓസ്ട്രേലിയയാണ്. ഷെയ്ൻ വാട്സണും ബെൻ ഡങ്കും സെഞ്ച്വറിയുമായി പുറത്താകാതെ നിന്നപ്പോൾ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 269 എന്ന വമ്പൻ ടോട്ടൽ സ്വന്തമാക്കി. 64 റൺസെടുത്ത സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് ഇന്ത്യയ്ക്കായി തിരിച്ചടിച്ചത്. 20 ഓവറിൽ 174 റൺസിൽ ഇന്ത്യ ഓൾഔട്ടാകുകയും ചെയ്തു. 95 റൺസിന്റെ വിജയാണ് ഓസ്ട്രേലിയൻ ടീം നേടിയത്.
ഇന്ത്യയോട് മാത്രം പരാജയപ്പെട്ടാണ് ശ്രീലങ്കൻ മാസ്റ്റേഴ്സ് സെമി ഫൈനൽ ഉറപ്പിച്ചത്. ഓസ്ട്രേലിയ വെസ്റ്റ് ഇൻഡീസിനോടും ശ്രീലങ്കയോടും പരാജയപ്പെട്ടു. വിൻഡീസ് ആവട്ടെ ഇന്ത്യയോടും ശ്രീലങ്കയോടും മാത്രമാണ് പരാജയം അറിഞ്ഞത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകൾ ടൂർണമെന്റിൽ നിന്ന് പുറത്തായി.
Content Highlights: India Masters will face Australia in International Masters League