
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിയെ കാണുന്നതും സംസാരിക്കുന്നതും ഏറെ സന്തോഷമുള്ള കാര്യമാണെന്ന് സഞ്ജു സാംസൺ. എല്ലാ ഇന്ത്യൻ താരങ്ങളെയും പോലെ എനിക്കും എം എസ് ധോണിക്കൊപ്പം സമയം ചിലവഴിക്കണമായിരുന്നു. ക്രിക്കറ്റിനോടുള്ള ധോണിയുടെ സമീപനം മനസിലാക്കണമായിരുന്നു. അത് എന്റെയൊരു സ്വപ്നമായിരുന്നു. സഞ്ജു സാംസൺ ജിയോഹോട്സ്റ്റാറിനോട് പറഞ്ഞു.
ഒരിക്കൽ ഷാർജയിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഞാൻ 70-80 റൺസെടുത്തത് ഓർമിക്കുന്നു. ആ മത്സരം ഞങ്ങൾ വിജയിച്ചു. അന്ന് ധോണിയുമായി ഞാൻ സംസാരിച്ചു. ഞങ്ങൾ തമ്മിലുള്ള സൗഹൃദം അന്ന് മുതലാണ് വളരാൻ തുടങ്ങിയത്. ഇപ്പോൾ ഞങ്ങൾ ഇടയ്ക്കിടെ കാണാറുണ്ട്. ധോണിയെ കാണുന്നതും സംസാരിക്കുന്നതും വലിയ സന്തോഷമാണ്. സഞ്ജു വ്യക്തമാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം പതിപ്പിന് തുടക്കമാകുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ധോണിയെ പ്രകീർത്തിച്ച് സഞ്ജു രംഗത്തെത്തിയിരിക്കുന്നത്. മാർച്ച് 23നാണ് സഞ്ജുവും ധോണിയും ഐപിഎല്ലിൽ ആദ്യ മത്സരത്തിനിറങ്ങുന്നത്. സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് സൺറൈസേഴ്സ് ഹൈദരാബാദ് ആണ് എതിരാളികൾ. ധോണിയുടെ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിനെയും നേരിടും.
Content Highlights: Sanju Samson's Big Statement On MS Dhoni