
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കളായ ഇന്ത്യൻ ടീമിനെ പുകഴ്ത്തി പാകിസ്താാൻ മുൻ നായകൻ ഷാഹിദ് അഫ്രീദി. കഷ്ടപ്പാടിന്റെ പ്രതിഫലമാണ് ഇന്ത്യയ്ക്ക് ലഭിക്കുന്നത്, വിജയിക്കാൻ ഇന്ത്യൻ ടീമിന് അർഹതയുണ്ടെന്നും പാക് മുൻ നായകൻ പറയുന്നു. എന്നാൽ പാകിസ്താൻ ക്രിക്കറ്റ് അപകടാവസ്ഥയിലാണെന്നാണ് അഫ്രീദിയുടെ വാക്കുകൾ.
‘ഏതൊരു മത്സരത്തിലും വിജയിക്കാനുള്ള അർഹത ഇന്ത്യയ്ക്കുണ്ട്. ആഭ്യന്തര ക്രിക്കറ്റിനും അക്കാദമികൾക്കും വേണ്ടി അത്രയേറെ നിക്ഷേപങ്ങൾ ഇന്ത്യ നടത്തിയിട്ടുണ്ട്. അതിന്റെ വിജയമാണ് ഇന്ത്യൻ ക്രിക്കറ്റിന് ലഭിക്കുന്നത്. ദുബായിൽ മാത്രമായി കളിച്ചെന്ന പേരിൽ ഇന്ത്യയെ കുറ്റപ്പെടുത്താൻ കഴിയില്ല. ദുബായിലെ സാഹചര്യങ്ങൾ മനസിലാക്കി ഇന്ത്യ മികച്ച ടീമിനെ തിരഞ്ഞെടുത്തു. ലോക ഇലവനെ എതിരായി കളിപ്പിച്ചാലും ഇന്ത്യയ്ക്കായിരിക്കും വിജയം.’ ഒരു പാക് ചാനലിൽ അഫ്രീദി പറഞ്ഞു.
‘‘പാകിസ്താൻ ക്രിക്കറ്റ് അപകടാവസ്ഥയിലാണ്. അതിന് കാരണം മോശം ടീം സിലക്ഷനാണ്. ഓരോ ടൂർണമെന്റുകൾ വരുമ്പോഴും പാകിസ്താൻ ക്രിക്കറ്റ് തയാറെടുപ്പുകളെക്കുറിച്ചു സംസാരിക്കും. പരാജയപ്പെട്ട ശേഷം മാറ്റങ്ങളെക്കുറിച്ച് സംസാരിക്കും. പിസിബിയുടെ തീരുമാനങ്ങൾക്ക് സ്ഥിരതയില്ല. ക്യാപ്റ്റൻമാരെയും പരിശീലകരെയും ചില താരങ്ങളെയും മാറ്റി നോക്കി. എന്നാൽ അതിന്റെയെല്ലാം ഉത്തരവാദിത്തം പിസിബിക്കാണ്. ക്യാപ്റ്റനെയും പരിശീലകനെയും മാറ്റുമെന്ന ചിന്തകളുണ്ടാകുമ്പോൾ ടീം എങ്ങനെ രക്ഷപെടാനാണ്.’ അഫ്രീദി വ്യക്തമാക്കി.
Content Highlights: Shahid Afridi Makes Explosive Remark against Pak Cricket