
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ഇന്ത്യൻ താരം ശ്രേയസ് അയ്യരിന് അവസാനം വരെ ബാറ്റ് ചെയ്യാമായിരുന്നുവെന്ന് ഇന്ത്യൻ മുൻ താരം ദിലീപ് വെങ്സർക്കാർ. ശ്രേയസ് നന്നായി കളിച്ചു. പക്ഷേ ഫൈനലിൽ ശ്രേയസ് പുറത്തായ രീതിയിൽ ഞാൻ സന്തോഷവാനല്ല. മത്സരം അവസാനിക്കുന്നത് വരെ ശ്രേയസ് ക്രീസിൽ നിൽക്കണമായിരുന്നു. എന്നാൽ ശ്രേയസ് സ്വന്തം മികവ് മനസിലാക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്ന് വെങ്സർക്കാർ പ്രതികരിച്ചു.
കെ എൽ രാഹുലും നിർണായകമായ ഒരു ഇന്നിംഗ്സാണ് കളിച്ചത്. എന്നാൽ ഇപ്പോഴും അക്സർ പട്ടേൽ എന്തിനാണ് രാഹുലിന് മുമ്പ് ക്രീസിലെത്തുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷൻ നിലനിർത്തുകയെന്ന ഒറ്റകാര്യംകൊണ്ടാണ് അക്സർ അഞ്ചാം നമ്പറിലെത്തുന്നത്. വെങ്സർക്കാർ വ്യക്തമാക്കി.
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് 2025ൽ ഏറ്റവും കൂടുതൽ റൺസെടുത്ത രണ്ടാമത്തെ താരമാണ് ശ്രേയസ് അയ്യർ. ടൂർണമെന്റിൽ അഞ്ച് മത്സരങ്ങൾ കളിച്ച ശ്രേയസ് 243 റൺസെടുത്തു. 79 റൺസാണ് ഉയർന്ന സ്കോർ. രണ്ട് അർധ സെഞ്ച്വറികൾ ഉൾപ്പെടെയാണ് ശ്രേയസിന്റെ നേട്ടം. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ശ്രേയസ് 48 റൺസ് നേടി. ടൂർണമെന്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും ശ്രേയസ് അയ്യരാണ്.
Content Highlights: Shreyas Iyer Receives Blunt Verdict by World Cup Winner