
ജൂണിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചാൽ ഇരുകരങ്ങളും നീട്ടി സ്വീകരിക്കുമെന്ന് ചേതേശ്വർ പുജാര. 'ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ ഇന്ത്യയ്ക്കായി കളിക്കണമെന്നാണ് എല്ലായിപ്പോഴും ആഗ്രഹിക്കുന്നത്. ആ നേട്ടത്തിനായി ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും. ഇന്ത്യൻ ടീമിന് എന്നെ ആവശ്യമെങ്കിൽ തീർച്ചയായും ഞാൻ അവിടെയെത്തും. ആഭ്യന്തര ക്രിക്കറ്റിൽ ഞാൻ മികച്ച പ്രകടനം നടത്തുന്നു. ഇംഗ്ലീഷ് കൗണ്ടിയിലും രണ്ട് വർഷമായി ഞാൻ കളിക്കുന്നുണ്ട്. ഇനി ലഭിക്കേണ്ടത് അവസരമാണ്. അത്തരമൊരു അവസരം ലഭിച്ചാൽ ഞാൻ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും.' പുരാജ റെവ്‍സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് വിജയം നേടിനൽകാൻ കഴിയുമായിരുന്നോ എന്ന ചോദ്യത്തിനും പുജാര പ്രതികരിച്ചു. തീർച്ചയായും ഞാൻ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിൽ ബോർഡർ-ഗവാസ്കർ പരമ്പരയിൽ ഇന്ത്യയ്ക്ക് ഹാട്രിക് വിജയത്തിനായി ശ്രമിക്കുമായിരുന്നു. പുജാര വ്യക്തമാക്കി.
ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളിൽ കളിച്ച താരമാണ് ചേതേശ്വർ പുജാര. 176 ഇന്നിംഗ്സുകളിൽ നിന്നായി 7,195 പുജാര അടിച്ചുകൂട്ടി. 2023 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലാണ് പുജാര അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. ഓസ്ട്രേലിയയിൽ രണ്ട് തവണ ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പര വിജയിച്ചപ്പോഴും ടീമിലെ നിർണായക സാന്നിധ്യമായിരുന്നു പുജാര.
Content Highlights: Cheteshwar Pujara Sends Big Message To BCCI