ആൽവരസിനെ കുടുക്കിയ ഡബിൾ ടച്ച്; അത്‍ലറ്റികോ പുറത്തായ ഫുട്ബോൾ നിയമം

പെനാൽറ്റി കിക്കിൽ ആല്‍വരസ് ലക്ഷ്യം കണ്ടു. പക്ഷേ പോളീഷ് റഫറി ഷിമന്‍ മാഴ്‌സിനിയാക്ക് ഗോള്‍ പരിശോധനയ്ക്ക് വിധിച്ചു

dot image

യുവേഫ ചാംപ്യന്‍സ് ലീഗിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടം. നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡിന് എതിരാളികള്‍ അത്‌ലറ്റികോ ഡി മാഡ്രിഡ്. നിശ്ചിത സമയവും അധിക സമയവും കഴിഞ്ഞു. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഒരുപക്ഷേ അനിശ്ചിതം നീണ്ടുപോകുമായിരുന്ന ഷൂട്ടൗട്ട് പോരാട്ടം. പക്ഷേ ഹൂലിയന്‍ ആല്‍വരസിന്റെ പിഴവ് മത്സരഫലത്തില്‍ വഴിത്തിരിവായി. അന്താരാഷ്ട്ര ഫുട്‌ബോളിന്റെ നിയമങ്ങള്‍ ആല്‍വരസിന്റെ ഗോള്‍ നഷ്ടമാക്കി. മാഡ്രിഡ് ഡെര്‍ബിയില്‍ അത്‌ലറ്റികോ ഡി മാഡ്രിഡ് വീണു.

ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ റയലിനായിരുന്നു ജയം. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി റയല്‍ രണ്ടാം പാദത്തിനിറങ്ങി. പക്ഷേ ആദ്യ മിനിറ്റില്‍ തന്നെ കഥ മാറി. 30 സെക്കന്റിനുള്ളില്‍ തന്നെ കോണര്‍ ഗാല്ലഹര്‍ വലചലിപ്പിച്ചു. ഇതോടെ രണ്ട് പാദങ്ങളിലുമായി സ്‌കോര്‍ 2-2 എന്ന് തുല്യനിലയില്‍. മത്സരം പുരോഗമിച്ചു. റയലിന് മുന്നിലെത്താന്‍ 70-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വിനിഷ്യസ് ജൂനിയര്‍ നഷ്ടമാക്കി. ആര്‍ക്കും ഗോള്‍വല ചലിപ്പിക്കാന്‍ കഴിയാതെ വന്നതോടെ മത്സരം സമനിലയില്‍. വിജയികളെ നിര്‍ണയിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട്.

റയലിനായി കിലിയന്‍ എംബാപ്പെയും ജൂഡ് ബെല്ലിങ്ഹാമും ആദ്യ രണ്ട് കിക്കുകള്‍ വലയിലാക്കി. അത്‌ലറ്റികോ ഡി മാഡ്രിഡിനായി അലക്‌സാണ്ടര്‍ സോര്‍ലോത്തും ഹൂലിയന്‍ ആല്‍വരസും ആദ്യ രണ്ട് കിക്കുകളെടുത്തു. സോര്‍ലോത്തിന്റെ കിക്ക് വലയിലായി. ആല്‍വരസും ലക്ഷ്യം കണ്ടു. പക്ഷേ പോളീഷ് റഫറി ഷിമന്‍ മാഴ്‌സിനിയാക്ക് ഗോള്‍ പരിശോധനയ്ക്ക് വിധിച്ചു. വാര്‍ പരിശോധനയില്‍ ആല്‍വരസിന്റെ ഗോള്‍ നിഷേധിക്കപ്പെട്ടു. വലതുകാല്‍ കൊണ്ട് കിക്കെടുക്കുന്നതിന് തൊട്ടുമുമ്പായി ആല്‍വരസിന്റെ ഇടംകാല്‍ പന്തില്‍ ടച്ച് ചെയ്തുവെന്നതാണ് കാരണം. വാര്‍ പരിശോധനയില്‍ ആല്‍വരസിന്റെ ഇടംകാല്‍ പന്തില്‍ തൊട്ടതായാണ് കാണപ്പെടുന്നത്.

ആല്‍വരസിന് ഗോള്‍ നിഷേധിക്കപ്പെട്ടു. പിന്നെ ഫെഡറിക്കോ വാല്‍വെര്‍ദെയുടെ കിക്കില്‍ റയല്‍ 3-1ന് മുന്നിലായി. എയ്ഞ്ചല്‍ കൊറയ അത്‌ലറ്റികോയ്ക്കായി ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 3-2. ലൂക്കാസ് വാസ്‌ക്വസും മാര്‍ക്കോസ് ലോറെന്റെയും അവസരങ്ങള്‍ നഷ്ടമാക്കി. ഒടുവില്‍ അന്റോണിയോ റൂഡ്രിഗറിന്റെ കിക്ക് വലയിലായതോടെ 4-2ന് റയലിന്റെ വിജയം. ആല്‍വരസിന്റെ പിഴവ് അത്‌ലറ്റിക്കോയ്ക്ക് പുറത്തേയ്ക്കുള്ള വഴിതെളിച്ചു. പന്തില്‍ ആല്‍വരെസ് രണ്ട് തവണ ടച്ച് ചെയ്‌തെന്ന റഫറിയുടെ വാദം സത്യമാകട്ടെയെന്നാണ് അത്‌ലറ്റികോ പരിശീലകന്‍ ഡീഗോ സിമിയോണിയുടെ വാക്കുകള്‍. അത് സത്യമെങ്കില്‍ ഫുട്‌ബോള്‍ നിയമ സംവിധാനങ്ങള്‍ ഏറെ മികച്ചതെന്ന് റയല്‍ നായകന്‍ ലൂക്ക മോഡ്രിച്ച്. അത് തന്നെയാണ് ഫുട്‌ബോള്‍ ആരാധകരും ആഗ്രഹിക്കുന്നത്.

Content Highlights: Atletico Madrid's Julian Alvarez had a penalty dramatically ruled out in the shootout

dot image
To advertise here,contact us
dot image