
ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഹാരി ബ്രൂക്കിന് രണ്ട് വർഷത്തേയ്ക്ക് ഐപിഎല്ലിൽ കളിക്കുന്നതിൽ നിന്നും വിലക്ക് ലഭിച്ചതായി റിപ്പോർട്ട്. ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന ബ്രൂക്ക് ഇത്തവണത്തെ ഐപിഎല്ലിൽ നിന്നും പിന്മാറിയതോടെയാണ് ബ്രൂക്ക് വിലക്ക് നേരിട്ടിരിക്കുന്നത്. ഇക്കാര്യം ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ ഔദ്യോഗികമായി അറിയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഐപിഎൽ നിയമപ്രകാരം താരലേലത്തിൽ പങ്കെടുക്കുകയും വിറ്റുപോകുകയും ചെയ്ത താരം വ്യക്തമായ കാരണം പറയാതെ ടൂർണമെന്റിൽ നിന്ന് പിന്മാറുന്നത് താരത്തെ രണ്ട് വർഷത്തേയ്ക്ക് ടൂർണമെന്റിൽ നിന്ന് വിലക്കുന്നതിന് കാരണമാകും. ഈ നിയമം പിന്തുടരാൻ ഓരോ താരവും ബാദ്ധ്യസ്ഥരാണ്. ബിസിസിഐ വൃത്തങ്ങൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു.
ദിവസങ്ങൾക്ക് മുമ്പാണ് ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന ഹാരി ബ്രൂക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറിയത്. ഇംഗ്ലണ്ടിനായി വരും സീരിസുകളിൽ മികച്ച പ്രകടനം നടത്താൻ ഐപിഎല്ലിൽ നിന്ന് പിന്മാറുന്നുവെന്നായിരുന്നു ബ്രൂക്കിന്റെ വിശദീകരണം. കഴിഞ്ഞ വർഷവും ഐപിഎൽ ലേലത്തിൽ വിറ്റഴിഞ്ഞ ഹാരി ബ്രൂക്ക് അവസാന നിമിഷം ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു. പിന്നാലെ ലേലത്തിൽ വിറ്റഴിഞ്ഞ താരങ്ങൾ ഐപിഎല്ലിൽ നിന്ന് പിന്മാറിയാൽ നടപടിയെടുക്കണമെന്ന് ഫ്രാഞ്ചൈസികൾ ബിസിസിഐക്ക് പരാതി നൽകിയത്.
Content Highlights: Harry Brook handed over two year IPL ban