ഓസീസിനെ സെമിയിൽ പൂട്ടി; സച്ചിന്റെ ഇന്ത്യൻ മാസ്റ്റേഴ്സ് ഫൈനലിൽ

ഇന്ത്യയ്ക്കായി നാല് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 15 റൺസ് വിട്ടുകൊടുത്ത് ഷബാസ് നദീം നാല് വിക്കറ്റെടുത്തു

dot image

അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീ​ഗ് ക്രിക്കറ്റ് ട്വന്റി 20 ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. സെമിയിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സിനെ 94 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ മാസ്റ്റേഴ്സ് കലാശപ്പോരിന് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മാസ്റ്റേഴ്സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഓസ്ട്രേലിയ മാസ്റ്റേഴ്സിന് 18.1 ഓവറിൽ 126 റൺസെടുക്കാനെ സാധിച്ചുള്ളു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ മാസ്റ്റേഴ്സിന് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ അമ്പാട്ടി റായുഡു അഞ്ച് റൺസുമായി മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ തകര്‍ത്തടിച്ച സച്ചിനും പിന്തുണ നല്‍കിയ പവന്‍ നേഗിയും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ഇന്ത്യയെ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 റണ്‍സിലെത്തിച്ചു. നേഗിയെ 11 പന്തില്‍ 14 റൺസുമായി മടങ്ങി. സച്ചിന് കൂട്ടായി യുവരാജ് എത്തിയതോടെ ഇന്ത്യ അതിവേ​ഗം റൺസുയർത്താൻ തുടങ്ങി.

30 പന്തില്‍ 42 റൺസുമായി സച്ചിൻ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 100 കടന്നിരുന്നു. 30 പന്തില്‍ ഒരു ഫോറും ഏഴ് സിക്സറുകളും അടങ്ങുന്നതാണ് യുവരാജിന്റെ ഇന്നിം​ഗ്സ്. യുവി 59 റണ്‍സുമായി മടങ്ങിയെങ്കിലും മറ്റ് താരങ്ങൾ ഇന്ത്യയ്ക്കായി മികവ് തുടർന്നു. സ്റ്റുവര്‍ട്ട് ബിന്നി 21 പന്തില്‍ 36, യൂസഫ് പഠാൻ 10 പന്തില്‍ 23, ഇര്‍ഫാന്‍ പഠാൻ പുറത്താകാതെ ഏഴ് പന്തില്‍ 19 തുടങ്ങിയ ഇന്നിം​ഗ്സുകൾ ഇന്ത്യൻ സ്കോർ 220ലെത്തിച്ചു. ഓസ്ട്രേലിയ മാസ്റ്റേഴ്സിനായി സേവ്യർ ഡോഹെര്‍ട്ടിയും ഡാനിയേൽ ക്രിസ്റ്റ്യനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയൻ മാസ്റ്റേഴ്സിന് ഒരുഘട്ടത്തിൽ പോലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ ഓസീസ് ബാറ്റർമാരെ ഡ​ഗ് ഔട്ടിലേക്ക് മടക്കി അയച്ചു. 39 റൺസുമായി ബെൻ കട്ടിങ് ഓസീസ് നിരയുടെ ടോപ് സ്കോററായി. ഷോൺ മാർഷും ബെൻ ഡങ്കും 21 റൺസ് വീതം നേടി. ഇന്ത്യയ്ക്കായി നാല് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 15 റൺസ് വിട്ടുകൊടുത്ത് ഷബാസ് നദീം നാല് വിക്കറ്റെടുത്തു. വിനയ് കുമാറും ഇർഫാൻ പഠാനും രണ്ട് വിക്കറ്റും സ്വന്തമാക്കി.

Content Highlights: India Masters into the Final of Masters Cricket League

dot image
To advertise here,contact us
dot image