ടീമിനായി അയാൾ എന്തും ചെയ്യും!; പരിക്കേറ്റിട്ടും ക്രച്ചസിൽ രാജസ്ഥാന്റെ പരിശീലന ക്യാംപിലെത്തി ദ്രാവിഡ്; വീഡിയോ

ബാംഗ്ലൂരിൽ കളിക്കുന്നതിനിടെയാണ് ദ്രാവിഡിന് പരിക്കേറ്റതെന്ന് റോയൽസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു

dot image

കാലിന് സാരമായ പരിക്കേറ്റിട്ടും രാജസ്ഥാൻ റോയൽസ് ക്യാംപിലേക്ക് ക്രച്ചസിന്റെ സഹായത്തോടെ വരുന്ന രാഹുൽ ദ്രാവിഡിന്റെ വീഡിയോയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ പരിശീലകൻ കൂടിയായ ഇതിഹാസ താരത്തിന് പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് പരിക്കേറ്റിരുന്നത്. ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഫ്രാഞ്ചൈസിയുടെ പുതിയ പരിശീലകന് പരിക്കേറ്റത് തിരിച്ചടിയായി വിലയിരുത്തപ്പെട്ടിരുന്നു. ഈ സമയത്താണ് ഏവരെയും അത്ഭുതപ്പെടുത്തി രാജസ്ഥാൻ റോയൽസ് ക്യാംപിലേക്ക് ദ്രാവിഡിന്റെ വരവ്.

രാജസ്ഥാൻ റോയൽസ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കിട്ട ഒരു വീഡിയോയിൽ ദ്രാവിഡ് ഒരു ഗോൾഫ് കാർട്ടിലാണ് പരിശീലന ക്യാമ്പിലേക്ക് എത്തുന്നത്, തുടർന്ന് നടക്കാൻ വേണ്ടി ക്രച്ചസിലേക്ക് മാറി. ഇടത് കാൽ മെഡിക്കൽ വാക്കിംഗ് ബൂട്ടിൽ ഉറപ്പിച്ചിട്ടുണ്ടെങ്കിലും നടക്കാൻ ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. മുൻ ഇന്ത്യൻ ഹെഡ് കോച്ച് കളിക്കാരുമായി സംവദിക്കുകയും മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്തു.

ബാംഗ്ലൂരിൽ കളിക്കുന്നതിനിടെയാണ് ദ്രാവിഡിന് പരിക്കേറ്റതെന്ന് റോയൽസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. 'ബാംഗ്ലൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പരിക്കേറ്റ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് സുഖം പ്രാപിച്ചുവരികയാണ്, അദ്ദേഹം ഉടൻ ഞങ്ങളോടപ്പംചേരും, ദ്രാവിഡിന്റെ തംബ്സ്-അപ്പ് ചിത്രത്തോടൊപ്പം ഫ്രാഞ്ചൈസി എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.

2022 മുതൽ 2024 വരെ ഇന്ത്യയുടെ മുഖ്യ പരിശീലകനായി വിജയകരമായി സേവനമനുഷ്ഠിച്ച ശേഷമാണ് ദ്രാവിഡ് രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത് ദ്രാവിഡായിരുന്നു. വരാനിരിക്കുന്ന ഐപിഎൽ സീസണിനായി റോയൽസ് തയ്യാറെടുക്കുമ്പോൾ അദ്ദേഹം ഇനി ക്യാപ്റ്റൻ സഞ്ജു സാംസണുമായും ക്രിക്കറ്റ് ഡയറക്ടർ കുമാർ സംഗക്കാരയുമായും ഒരുമിച്ച് പ്രവർത്തിക്കും.

Content Highlights: Legs Cast But Rahul Dravid Still Arrives For Rajasthan Royals IPL 2025 Camp On Crutches

dot image
To advertise here,contact us
dot image