'ഷാഹിദ് അഫ്രീദി മതം മാറാൻ പറഞ്ഞു, ടീമിൽ ബഹുമാനം ലഭിച്ചില്ല'; ഗുരുതര ആരോപണവുമായി പാക് മുൻതാരം കനേരിയ

61 മത്സരങ്ങളിൽ നിന്ന് 261 വിക്കറ്റുകൾ നേടിയ കനേരിയ പാകിസ്താന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ സ്പിന്നർമാരിൽ ഒരാളാണ്

dot image

പാകിസ്താനിൽ തനിക്ക് വലിയ വിവേചനം നേരിടേണ്ടി വന്നുവെന്നും ന്യൂനപക്ഷമായതുകൊണ്ട് തന്റെ കരിയർ തകർക്കപ്പെട്ടുവെന്നും മുൻ പാകിസ്താൻ താരം ഡാനിഷ് കനേരിയ. 'പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ' എന്ന വിഷയത്തിൽ നടന്ന യുഎസിൽ നടന്ന സമ്മേളനത്തിന്റെ ഭാഗമായി എഎൻഐക്ക് നൽകിയ അഭിമുഖിലാണ് കനേരിയയുടെ വെളിപ്പെടുത്തൽ.

'ഇന്ന് നാമെല്ലാവരും ഇവിടെ ഒത്തുകൂടി, വിവേചനത്തെ എങ്ങനെ നേരിട്ടുവെന്നും ശബ്ദമുയർത്തിയെന്നും പ്രകടിപ്പിച്ചു. പാകിസ്താനിൽ ഞാൻ വിവേചനം നേരിട്ടു, എന്റെ കരിയർ നശിപ്പിക്കപ്പെട്ടു, അതുകൊണ്ടാണ് ഞാനിപ്പോൾ യുഎസിലുള്ളത്, കനേരിയ കൂട്ടിച്ചേർത്തു. ഇന്‍സമാം ഉള്‍ ഹഖ് മാത്രമാണ് എനിക്ക് ടീമിൽ പിന്തുണ നൽകിയിരുന്നത്, അദ്ദേഹത്തോടൊപ്പം ഷോയിബ് അക്തറും ഉണ്ടായിരുന്നു. എന്നാല്‍ ഷാഹിദ് അഫ്രീദിയും മറ്റ് നിരവധി പാകിസ്ഥാന്‍ കളിക്കാരും എന്നെ വളരെയധികം ബുദ്ധിമുട്ടിച്ചു. എനിക്കൊപ്പം ഭക്ഷണം കഴിച്ചില്ല. ഷാഹിദ് അഫ്രീദി പലപ്പോഴുമെന്നോട് മതം മാറാൻ പറഞ്ഞു, കനേരിയ ആരോപിച്ചു.

പാകിസ്ഥാനിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന 'മനുഷ്യാവകാശ ലംഘനങ്ങളെ' അപലപിക്കണമെന്നും ഈ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക തയ്യാറാകണമെന്നും നടപടികൾ സ്വീകരിക്കണമെന്നും യുഎസ് ഹിന്ദു കോൺഗ്രസ് സമ്മേനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

പാകിസ്താന് വേണ്ടി 61 ടെസ്റ്റുകൾ കളിച്ചിട്ടുള്ള കനേരിയ, അനിൽ ദൽപതിനു ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ ഇടം നേടുന്ന രണ്ടാമത്തെ ഹിന്ദു സമുദായത്തിൽ നിന്നുള്ള കളിക്കാരനാണ്. 61 മത്സരങ്ങളിൽ നിന്ന് 261 വിക്കറ്റുകൾ നേടിയ കനേരിയ പാകിസ്താന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ സ്പിന്നർമാരിൽ ഒരാളാണ്. എന്നാൽ പിന്നീട് 2012-ല്‍, ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) സ്‌പോട്ട് ഫിക്‌സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കനേരിയയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.

Content Highlights: Shahid Afridi asked me to convert religion: Danish Kaneria

dot image
To advertise here,contact us
dot image