
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം പതിപ്പിൽ നിന്ന് ഇതുവരെ പിന്മാറിയത് നാല് താരങ്ങൾ. ഇതിൽ മൂന്ന് പേർക്കും ടീമുകൾ പകരക്കാരെ കണ്ടെത്തി. ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായിരുന്ന ഹാരി ബ്രൂക്കാണ് ഒടുവിൽ ഐപിഎല്ലിൽ നിന്ന് പിന്മാറിയത്. ഇംഗ്ലണ്ട് ക്രിക്കറ്റിന് പ്രഥമ പരിഗണന നൽകുന്നതിനാൽ ഐപിഎല്ലിൽ നിന്ന് പിന്മാറുന്നുവെന്നാണ് ബ്രൂക്ക് പറഞ്ഞത്. അപ്രതീക്ഷിത പിന്മാറ്റത്തെ തുടർന്ന് ബ്രൂക്കിന് രണ്ട് വർഷത്തേയ്ക്ക് ഐപിഎൽ കളിക്കാനും കഴിയില്ല. താരത്തിന് പകരക്കാരനെ ഡൽഹി ക്യാപിറ്റൽസ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഭാഗമായിരുന്ന ബ്രൈഡൻ കാർസ് ആണ് ഐപിഎല്ലിൽ നിന്ന് പിന്മാറിയ മറ്റൊരു താരം. ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതാണ് കാർസിന് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ വയാൻ മൾഡർ ആണ് പകരക്കാരൻ.
ദക്ഷിണാഫ്രിക്കൻ പേസർ ലിസാർഡ് വില്യംസും പരിക്കിനെ തുടർന്ന് ഐപിഎല്ലിൽ നിന്ന് പിന്മാറി. മുംബൈ ഇന്ത്യൻസിന് വേണ്ടിയായിരുന്നു താരം കളിക്കേണ്ടിയിരുന്നത്. ദക്ഷിണാഫ്രിക്കയുടെ തന്നെ കോർബിൻ ബോഷിനെ മുംബൈ പകരമായെത്തിച്ചു. അഫ്ഗാൻ യുവസ്പിന്നർ അല്ലാഹ് ഗസന്‍ഫാറിന്റെ സേവനവും മുംബൈ ഇന്ത്യൻസിന് നഷ്ടമാകും. പരിക്കിനെ തുടർന്ന് താരം പിന്മാറിയപ്പോൾ അഫ്ഗാന്റെ തന്നെ സ്പിന്നർ മുജീബ് റഹ്മാൻ മുംബൈ ഇന്ത്യൻസിലേക്കെത്തി.
Content Highlights: IPL 2025: Full list of players injured, unavailable for upcoming season