ഓസീസ് എതിരാളിയെങ്കിൽ പിന്നെ യുവരാജിന് ഒരുമാതിരി പവറാ; മാസ്റ്റേഴ്സ് ലീ​ഗിലും സിക്സർ രാജ്

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത് യുവരാജ് സിങ്ങിന്റെ വെടിക്കെട്ടാണ്

dot image

അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീ​ഗ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിലെത്തി. സെമിയിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത് യുവരാജ് സിങ്ങിന്റെ വെടിക്കെട്ടാണ്. 30 പന്തില്‍ ഒരു ഫോറും ഏഴ് സിക്സറുകളും. 59 റൺസുമായി യുവരാജ് തന്റെ പ്രതാപകാലത്തെ ഓർമിപ്പിച്ചു. ടൂർണമെന്റ് ഏതായാലും എതിരാളി ഓസ്ട്രേലിയ എങ്കിൽ യുവരാജ് സിങ്ങിന് പിന്നൊരു പവറാണ്. 2000ത്തിൽ ഇന്ത്യൻ ക്രിക്കറ്റിനായി ആദ്യം ബാറ്റ് ചെയ്തപ്പോൾ തുടങ്ങിയതാണ് യുവിയുടെ ഓസീസ് പ്രഹരം. 25 വർഷത്തിന് ശേഷം 43-ാം വയസിലും യുവി ഓസീസിനെതിരായ തന്റെ ഉജ്ജ്വല ഫോം തുടരുകയാണ്.

2000 ഒക്ടോബർ ഏഴ്. അന്ന് ചാംപ്യൻസ് ട്രോഫിയുടെ രണ്ടാം പതിപ്പായിരുന്നു. ഇന്ത്യൻ ടീമിയിൽ യുവരാജ് സിങ്ങിന്റെ രണ്ടാമത്തെ മാത്രം മത്സരം. ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ഓസ്ട്രേലിയ. ആദ്യമായാണ് യുവരാജ് ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്യാനെത്തിയത്. 80 പന്തിൽ 84 റൺസുമായി ആ ഇടം കയ്യൻ ലോകക്രിക്കറ്റിനെ അഭിവാദ്യം ചെയ്തു. മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം.

ഏഴ് വർഷത്തിന് ശേഷമാണ് വീണ്ടുമൊരു നോക്കൗട്ട് പോരാട്ടത്തിൽ യുവരാജിന് ഓസീസിനെ കിട്ടിയത്. ഇത്തവണ പ്രഥമ ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലിലായിരുന്നു ഇന്ത്യ-ഓസീസ് പോരാട്ടം. 30 പന്തിൽ അഞ്ച് ഫോറുകൾ, അഞ്ച് സിക്സറുകൾ. യുവിയുടെ സംഭാവന 78 റൺസ്. ഓസീസിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിലേക്ക്. കലാശപ്പോരിൽ പാകിസ്താനെ വീഴ്ത്തിയ ഇന്ത്യ പ്രഥമ ട്വന്റി 20 ലോകകപ്പിന്റെ ചാംപ്യന്മാരായി.

2011ലെ ഏകദിന ലോകകപ്പിലും ഓസ്ട്രേലിയയെ തകർത്തതിൽ യുവരാജിന് പങ്കുണ്ട്. ക്വാർട്ടറിൽ 65 പന്തിൽ 57 റൺസുമായി പുറത്താകാതെ നിന്ന യുവിയാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. സെമിയിൽ പാകിസ്താനെയും ഫൈനലിൽ ശ്രീലങ്കയെയും പരാജയപ്പെടുത്തി ഇന്ത്യ ലോകചാംപ്യന്മാരായി.

2011ലെ ലോകവിജയത്തിന് ശേഷം കാൻസർ ബാധിതനായ യുവി ഇന്ത്യൻ ക്രിക്കറ്റിന് പുറത്തേയ്ക്ക് പോയി. പിന്നീട് മടങ്ങിയെത്തിയെങ്കിലും യുവിയുടെ ബാറ്റിങ് സാങ്കേതികത്വം മോശമായി. എങ്കിലും യുവരാജിന് ഓസ്ട്രേലിയയെ കണ്ടാൽ ആക്രമണ ബാറ്റിങ്ങിന് മനംതുടിക്കും. 2024ലെ വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ടൂർണമെന്റിൽ ആ പഴയ യുവരാജ് സിങ്ങിനെ ആരാധകർ വീണ്ടും കളത്തിൽ കണ്ടു.

ഇത്തവണ ഇന്ത്യ ചാംപ്യൻസും ഓസ്ട്രേലിയ ചാംപ്യൻസുമായിരുന്നു നേർക്കുനേർ. 28 പന്തുകൾ. നാല് ഫോറും അഞ്ച് സിക്സറും. 59 റൺസെടുത്ത ക്യാപ്റ്റൻ യുവരാജ് സിങ് ഓസ്ട്രേലിയയെ തകർത്തെറിഞ്ഞു. പിന്നെ പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ ടൂർണമെന്റിന്റെ ചാംപ്യന്മാരായി. കാലം മുന്നോട്ട് പോകും. പക്ഷേ യുവരാജ് സിങ്ങെന്ന ഇതിഹാസത്തിന് മാറ്റമുണ്ടാകില്ല. എക്കാലവും ഇന്ത്യൻ ക്രിക്കറ്റിന്റെ സിക്സർ രാജായി യുവരാജ് സിങ് തുടരും.

Content Highlights: yuvraj singh outstanding perfomance in masters league vs australia

dot image
To advertise here,contact us
dot image