
ഇംഗ്ലീഷ് പേസർ മാർക്ക് വുഡിന് തിരിച്ചടി. താരത്തിന് നാല് മാസത്തേക്ക് കളിക്കാനാവില്ല. ഇടതുകാൽമുട്ടിന് പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഒരു വർഷത്തിലേറെയായി കാൽമുട്ടിലെ പരിക്ക് വില്ലനായി തുടരുന്ന താരം ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരത്തിനിടയ്ക്ക് ഗ്രൗണ്ട് വിട്ടിരുന്നു.
ഇന്ത്യയ്‌ക്കെതിരെയുള്ള പരമ്പരയിൽ നിന്നും താരത്തിന് ഇടയ്ക്ക് മത്സരത്തിൽ നിന്നും പിന്മാറേണ്ടി വന്നിരുന്നു. ഐപിഎല്ലിന് ശേഷം വരുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് സീരീസും നഷ്ടമാകും. ഇത്രയും കാലം പുറത്തിരിക്കേണ്ടി വരുന്നതിൽ നിരാശയുണ്ട്, കൂടെ നിന്ന ടീം അംഗങ്ങൾക്കും ആരാധകർക്കും ഡോക്‌ടേഴ്‌സിനും നന്ദി പറയുന്നു, പരമാവധി വേഗത്തിൽ തിരിച്ചുവരാൻ ശ്രമിക്കും, വുഡ് പറഞ്ഞു.
വുഡ് എളുപ്പത്തിൽ തിരിച്ചുവരട്ടെയെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡും ആശംസിച്ചു. ഇംഗ്ലണ്ടിനായി 37 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 119 വിക്കറ്റ് നേടിയിട്ടുള്ള താരം 70 ഏകദിനങ്ങളിൽ നിന്ന് 80 വിക്കറ്റും 38 ടി 20 യിൽ നിന്ന് 54 വിക്കറ്റും നേടി.
Content Highlights: Mark Wood ruled out for four months after knee surgery