
ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം. ഇന്നലെ സെമിയിൽ വെസ്റ്റ് ഇൻഡീസ് ശ്രീലങ്കയെ ആറ് റൺസിന് തകർത്തു. ബ്രയാൻ ലാറയുടെ കീഴിലിറങ്ങിയ വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്സ് 20 ഓവറിൽ 179 റൺസ് നേടിയപ്പോൾ കുമാർ സംഗക്കാരുടെ നേതൃത്വത്തിലിറങ്ങിയ ശ്രീലങ്കയുടെ മറുപടി 173 ൽ അവസാനിച്ചു. കരീബിയർക്ക് വേണ്ടി ലാറ 41 റൺസും രാംദിൻ 50 റൺസും നേടി. അസേല ഗുണരത്‌നെ ശ്രീലങ്കയ്ക്ക് വേണ്ടി 66 റൺസ് നേടി.
നേരത്തെ ഷെയ്ൻ വാട്സണിന്റെ കീഴിലുള്ള ഓസ്‌ട്രേലിയ മാസ്റ്റേഴ്സിനെ സെമിയിൽ തോൽപ്പിച്ച് ഇന്ത്യ ഫൈനലിലെത്തിയിരുന്നു. സെമിയിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സിനെ 94 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ മാസ്റ്റേഴ്സ് കലാശപ്പോരിന് ടിക്കറ്റെടുത്തത്. 30 പന്തില്‍ 42 റൺസുമായി സച്ചിനും 59 റൺസുമായി യുവരാജും തിളങ്ങി.
ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചിൽ നാലുമത്സരവും ഇന്ത്യ സെമിയിലെത്തിയിരുന്നത്. അഞ്ചിൽ മൂന്ന് മത്സരം ജയിച്ചാണ് വെസ്റ്റ് ഇൻഡീസ് എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ഏതായാലും ഇതിഹാസങ്ങളായ ലാറയും സച്ചിനും നേർക്കുനേർ ഏറ്റുമുട്ടുന്ന ഫൈനലിൽ സച്ചിന് കീഴിൽ ഒരു കിരീടം കൂടി കാണാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ.
Content Highlights: India Masters vs west indies Final of Masters Cricket League