
വനിത പ്രീമിയർ ലീഗിൽ ചരിത്രമെഴുതി മുംബൈ ഇന്ത്യൻസ് താരം നാറ്റ് സ്കിവർ. വനിത പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി ഒരൊറ്റ സീസണിൽ ഒരു താരം 500ലധികം റൺസ് നേടി. മുംബൈ ഇന്ത്യൻസിന്റെ നാറ്റ് സ്കിവർ വനിത പ്രീമിയർ ലീഗ് മൂന്നാം പതിപ്പിൽ ആകെ നേടിയത് 523 റൺസാണ്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 30 റൺസാണ് നാറ്റ് സ്കിവർ നേടിയത്.
വനിത പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും നാറ്റ് സ്കിവറാണ്. 29 മത്സരങ്ങളിൽ നിന്നായി 1,027 റൺസാണ് സ്കിവർ ഇതുവരെ നേടിയത്. വനിത പ്രീമിയർ ലീഗിൽ 1,000 റൺസെന്ന നേട്ടം പിന്നിട്ട ഏക താരവും സ്കിവറാണ്. പുറത്താകാതെ നേടിയ 80 റൺസാണ് സ്കിവറിന്റെ ഉയർന്ന സ്കോർ.
അതിനിടെ വനിത പ്രീമിയർ ലീഗ് മൂന്നാം പതിപ്പിൽ മൂംബൈ ഇന്ത്യൻസ് ചാംപ്യന്മാരായി. ആവേശകരമായ ഫൈനലിൽ എട്ട് റൺസിനാണ് മുംബൈ ഇന്ത്യൻസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഡൽഹി ക്യാപിറ്റൽസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുക്കാനെ സാധിച്ചുള്ളു. തുടർച്ചയായ മൂന്നാം തവണയാണ് ഡൽഹി വനിത പ്രീമിയർ ലീഗിന്റെ ഫൈനലിൽ പരാജയപ്പെടുന്നത്.
Content Highlights: Nat Sciver-Brunt first to breach 500-run mark in single season in WPL