
ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് തുറന്നുപറഞ്ഞ് സ്പിന്നർ വരുൺ ചക്രവർത്തി. എന്നാൽ തന്റെ ബൗളിങ് സ്റ്റൈൽ ടെസ്റ്റ് ക്രിക്കറ്റിന് ചേരില്ലെന്നാണ് വരുണിന്റെ ആശങ്ക. മീഡിയം പേസിന് തുല്യമായ രീതിയിലാണ് ഞാൻ പന്തെറിയുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ 20 മുതൽ 30 വരെ ഓവറുകൾ തുടർച്ചയായി എറിയണം. എന്റെ ബൗളിങ് രീതിക്ക് അത്രയും ഓവർ എറിയാൻ കഴിയില്ല. പരമാവധി എനിക്ക് 10 മുതൽ 15 ഓവർ വരെയാണ് എറിയാൻ കഴിയുക. അത് ടെസ്റ്റ് ക്രിക്കറ്റിന് ചേരില്ല. അതുകൊണ്ട് ഇപ്പോൾ ട്വന്റി 20, ഏകദിന ക്രിക്കറ്റുകളിലാണ് ഞാൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വരുൺ പ്രതികരിച്ചു.
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിച്ച വരുൺ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഫൈനലിൽ ന്യൂസിലാൻഡ് നായകൻ മിച്ചൽ സാന്റനറെ പുറത്താക്കിയ വരുണിന്റെ പന്ത് 115 കിലോ മീറ്റർ സ്പീഡാണ് രേഖപ്പെടുത്തിയത്. മുമ്പ് പേസറായിരുന്ന വരുൺ സ്പിൻ ബൗളറായി മാറുകയായിരുന്നു. സ്പിന്നിലേക്കുള്ള മാറ്റം വേണ്ടിയിരുന്നോ എന്ന ചോദ്യത്തിനും വരുൺ മറുപടി പറഞ്ഞു.
സ്പിന്നിലേക്ക് മാറിയതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഇന്ത്യൻ ടീമിൽ കളിക്കുന്നത്. പേസെറിഞ്ഞെങ്കിൽ ഒരുപക്ഷേ എന്റെ കരിയർ പാതിവഴിയിൽ നിൽക്കുമായിരുന്നു. ഒരുപാട് പേസർമാർ തമിഴ്നാട്ടിലുണ്ട്. തമിഴ്നാട്ടിലെ പിച്ചുകൾ പേസ് ബൗളർമാരെ തുണയ്ക്കുന്നതല്ല. അതിനാൽ തമിഴ്നാട്ടിൽ നിന്നും പേസർമാർ ഇന്ത്യൻ ടീമിലെത്താറില്ല. ലക്ഷ്മിപതി ബാലാജി, ടി നടരാജൻ എന്നിവർ തമിഴ്നാട്ടിൽ നിന്നും ഇന്ത്യൻ ടീമിലെത്തിയ പേസർമാരാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഒരുപാട് പേസർമാർ ഇന്ത്യൻ ടീം കളിച്ചു. രവിചന്ദ്രൻ അശ്വിൻ പോലും പേസ് ബൗളിങ് മതിയാക്കി സ്പിൻ തിരഞ്ഞെടുത്തു. അതുകൊണ്ട് സ്പിൻ ബൗളിങ്ങിൽ നിന്നും പിന്മാറിയതിൽ എനിക്ക് സന്തോഷമെയുള്ളു. വരുൺ വ്യക്തമാക്കി.
Content Highlights: Varun Chakravarthy has Test cricket ambitions after ODI success