
ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ 149 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി വെസ്റ്റ് ഇന്‍ഡീസ്. റായ്പൂരിലെ വീര്‍ നാരായണ്‍ സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് മാസ്‌റ്റേഴ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് അടിച്ചെടുത്തു. ലെന്‍ഡല്‍ സിമണ്‍സ് (41 പന്തില്‍ 57), ഡ്വെയ്ന്‍ സ്മിത്ത് (35 പന്തില്‍ 46) എന്നിവരുടെ ഇന്നിംഗ്സാണ് വെസ്റ്റ് ഇന്‍ഡീസിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി വിനയ് കുമാര്‍ മൂന്നും ഷഹ്ബാസ് നദീം രണ്ടും വിക്കറ്റ് വീഴ്ത്തി.
ഇന്ത്യ മാസ്റ്റേഴ്സിനെതിരെ ഭേദപ്പെട്ട തുടക്കമാണ് വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്സിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ബ്രയാന്‍ ലാറ (6) - സ്മിത്ത് സഖ്യം 34 റണ്‍സ് കൂട്ടിചേര്‍ത്തു. നാലാം ഓവറില്‍ ലാറയെ പുറത്താക്കി വിനയ് കുമാര്‍ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പവന്‍ നേഗിക്കായിരുന്നു ക്യാച്ച്. ഏഴാം ഓവറില്‍ വില്യം പെര്‍ക്കിന്‍സിനെയും (6) വിൻഡീസിന് നഷ്ടമായി. നദീമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അപകടകാരിയായ സ്മിത്തിനെയും പുറത്താക്കി നദീം വിൻഡീസിന് ഇരട്ടപ്രഹരമേൽപ്പിച്ചു. രണ്ട് സിക്‌സും ആറ് ഫോറും നേടിയ താരത്തെ നദീം ബൗള്‍ഡാക്കി. ഇതോടെ വിന്‍ഡീസ് മൂന്നിന് 67 റൺസെന്ന നിലയിലായി.
രവി രാംപോള്‍ (2), ചാഡ്‌വിക്ക് വാള്‍ട്ടണ്‍ (6) എന്നിവര്‍ അതിവേഗം മടങ്ങി. ഒരറ്റത്ത് ക്രീസിലുറച്ച സിമോണ്‍സ് മാത്രമാണ് വിന്‍ഡീസിന് ആശ്വാസമായത്. അവസാന ഓവറിലാണ് സിമോണ്‍സ് മടങ്ങുന്നത്. 41 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും അഞ്ച് ബൗണ്ടറിയും നേടി. വിനയ് കുമാറിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ അഷ്‌ലി നഴ്‌സും (1) വിനയ് കുമാറിന്റെ പന്തില്‍ പുറത്തായി. ധനേഷ് രാംദിന്‍ (12) പുറത്താവാതെ നിന്നു.
Content Highlights: INDM vs WIM International Masters League T20: India keep West Indies to 148 in final