
പാകിസ്താനെതിരായ ഒന്നാം ട്വന്റി 20യിലെ വിജയത്തിന് പിന്നാലെ പ്രതികരണവുമായി ന്യൂസിലാൻഡ് ക്യാപ്റ്റൻ മൈക്കൽ ബ്രേസ്‍വെൽ. 'ന്യൂസിലാൻഡ് ക്രിക്കറ്റിന് ഇതൊരു മികച്ച ദിവസമായിരുന്നു. മുമ്പ് ആഭ്യന്തര ക്രിക്കറ്റ് കളിക്കുമ്പോൾ പാകിസ്താന്റെ ഈ താരങ്ങൾക്കെതിരെ ന്യൂസിലാൻഡ് കളിച്ചിട്ടുണ്ട്. ഈ പാകിസ്താൻ ടീമിനെ നേരിടുക ബുദ്ധിമുട്ടാണ്. കൈൽ ജാമിസണെ നാല് ഓവർ പന്തെറിയിക്കണമായിരുന്നു. ബൗളർമാരെ കൃത്യമായി ഉപയോഗിക്കുക ട്വന്റി 20 ക്രിക്കറ്റിൽ പ്രയാസമാണ്. എങ്കിലും കുറഞ്ഞ സ്കോറിൽ പാകിസ്താനെ ഒതുക്കാൻ ന്യൂസിലാൻഡിന് കഴിഞ്ഞു.' ബ്രേസ്‍വെൽ പ്രതികരിച്ചു.
പാകിസ്താനെതിരായ ഒന്നാം ട്വന്റി 20യിൽ ന്യൂസിലാൻഡ് ഒമ്പത് വിക്കറ്റിന്റെ വിജയമാണ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 18.4 ഓവറിൽ വെറും 91 റൺസിൽ എല്ലാവരും പുറത്തായി. 30 പന്തിൽ 32 റൺസെടുത്ത ഖുഷ്ദിൽ ഷായാണ് പാക് നിരയുടെ ടോപ് സ്കോറർ. ന്യൂസിലാൻഡിനായി ജേക്കബ് ഡഫി നാല് വിക്കറ്റുകളും കൈൽ ജാമിസൺ മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ 10.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് ലക്ഷ്യത്തിലെത്തി. 29 പന്തിൽ 44 റൺസെടുത്ത ടിം സെയ്ഫേർട്ടാണ് ന്യൂസിലാൻഡ് നിരയിലെ ടോപ് സ്കോറർ. ഫിൻ അലൻ 17 പന്തിൽ പുറത്താകാതെ 29 റൺസും നേടി. 15 പന്തിൽ പുറത്താകാതെ 18 റൺസെടുത്ത ടിം റോബിൻസണിന്റെ പ്രകടനവും കിവീസ് വിജയത്തിൽ നിർണായകമായി.
Content Highlights: It was a great day in front of a great crowd says NZ Captain