ഹോളി ആഘോഷിച്ചതിന് പിന്നാലെ വിമർശനം, ഷമിയുടെ മകള്‍ക്കെതിരെ പുരോഹിതന്‍

നേരത്തെ റമദാന്‍ വ്രതം അനുഷ്ഠിക്കാതെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരത്തിനിടെ വെള്ളം കുടിച്ചതിന് ഷമിയെ കുറ്റപ്പെടുത്തിയ പുരോഹിതന്‍ തന്നെയാണ് ഇത്തവണ താരത്തിന്റെ മകള്‍ക്കെതിരെയും വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്

dot image

ഹോളി ആഘോഷിച്ചതിന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ മകള്‍ക്കെതിരെ വിമര്‍ശനം. നേരത്തെ റമദാന്‍ വ്രതം അനുഷ്ഠിക്കാതെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരത്തിനിടെ വെള്ളം കുടിച്ചതിന് ഷമിയെ കുറ്റപ്പെടുത്തിയ പുരോഹിതന്‍ തന്നെയാണ് ഇത്തവണ താരത്തിന്റെ മകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. റമദാന്‍ വ്രതം എടുക്കാത്ത ഷമി കുറ്റവാളിയാണെന്നും ദൈവം ഇതിന് മറുപടി ചോദിക്കുമെന്നും അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി കുറ്റപ്പെടുത്തിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇപ്പോള്‍ ഹോളി ആഘോഷിച്ചെന്ന പേരില്‍ ഷമിയുടെ മകള്‍ക്കെതിരെയും റസ്വി തിരിഞ്ഞിരിക്കുകയാണ്. ഹോളി ആഘോഷിക്കുകയെന്നത് ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്നാണ് റസ്വി ആരോപിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ഒരു വീഡിയോയിലായിരുന്നു ഷമിയുടെ മകള്‍ക്കെതിരെ റസ്വി രംഗത്തെത്തിയത്.

'അവര്‍ ഒരു ചെറിയ പെണ്‍കുട്ടിയാണ്. അത് മനസ്സിലാകാതെ അവള്‍ ഹോളി കളിച്ചാല്‍ അത് കുറ്റകരമല്ല. എന്നാല്‍ അതിനെ കുറിച്ചറിയുകയും ആഘോഷിക്കുകയും ചെയ്താല്‍ അത് ശരീഅത്തിനെതിരെയാണെന്ന് പറയേണ്ടി വരും', റസ്വി പറഞ്ഞു.

'ശരീഅത്തില്‍ ഇല്ലാത്തതൊന്നും നിങ്ങളുടെ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കരുതെന്ന് ഞാന്‍ ഷമിയോടും കുടുംബാംഗങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് ഹോളി വളരെ വലിയ ഒരു ആഘോഷമാണ്, പക്ഷേ മുസ്ലീങ്ങള്‍ ഹോളി ആഘോഷിക്കുന്നത് ഒഴിവാക്കണം. ശരീഅത്ത് അറിഞ്ഞിട്ടും ആരെങ്കിലും ഹോളി ആഘോഷിക്കുന്നത് കുറ്റകരമാണ്', റസ്വി കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ചാംപ്യന്‍സ് ട്രോഫി സെമി പോരാട്ടത്തിനിടെയായിരുന്നു ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നത്. ദുബായില്‍ നടന്ന മത്സരത്തിനിടയില്‍ ഷമി എനര്‍ജി ഡ്രിങ്ക് പോലുള്ള വെള്ളം കുടിച്ചിരുന്നു. ഇതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം താരത്തിന് മേല്‍ ഉയര്‍ന്നിരുന്നു. അതേസമയം ഷമിയെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തി. രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതിന് മുന്‍ഗണന നല്‍കിയത് കൊണ്ടാണ് ഷമിയെ ആരാധകര്‍ പ്രശംസിച്ചത്.

ഇതിന് തുടര്‍ച്ചയായി അഖിലേന്ത്യ മുസ്ലിം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വിയുടെ വിവാദ പരാമര്‍ശവും നടത്തിയിരുന്നു. നോമ്പുകാലത്ത് വ്രതം അനുഷ്ടിക്കുകയെന്നതാണ് പ്രധാന ഉത്തരവാദിത്തമെന്നും അങ്ങനെ ചെയ്യാതിരിക്കുന്നവര്‍ വലിയ കുറ്റക്കാരാണെന്നും റസ്വി പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ റസ്വിയുടെ പരാമര്‍ശത്തെ എതിര്‍ത്ത് ഷമിയുടെ കുടുംബവും ചില മുസ്ലിം പുരോഹിതന്മാരും രംഗത്തെത്തുകയും ചെയ്തു അന്ന്.

Content Highlights: Maulana Razvi again sparks row as Mohammed Shami’s daughter celebrates Holi

dot image
To advertise here,contact us
dot image