
വനിത പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് രണ്ടാം കിരീട നേട്ടം. 2023ലെ പ്രഥമ സീസണിലും മുംബൈ തന്നെയായിരുന്നു ചാംപ്യന്മാർ. 2024ൽ റോയൽ ചലഞ്ചേഴ്സിന് മുന്നിൽ മുംബൈയ്ക്ക് പിഴയ്ക്കുകയായിരുന്നു. എന്നാൽ മൂന്നാം സീസണിൽ മുംബൈ കിരീടം തിരികെ പിടിച്ചു.
ആവേശകരമായ ഫൈനലിൽ എട്ട് റൺസിനാണ് മുംബൈ ഇന്ത്യൻസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഡൽഹി ക്യാപിറ്റൽസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുക്കാനെ സാധിച്ചുള്ളു. തുടർച്ചയായ മൂന്നാം തവണയാണ് ഡൽഹി വനിത പ്രീമിയർ ലീഗിന്റെ ഫൈനലിൽ പരാജയപ്പെടുന്നത്.
വിജയത്തോടൊപ്പം ടൂർണമെന്റിൽ റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപും വിക്കറ്റ് വേട്ടക്കാർക്കുള്ള പർപ്പിൾ ക്യാപും മുംബൈ ഇന്ത്യൻസിന്റെ താരങ്ങളാണ് സ്വന്തമാക്കിയത്. ടൂർണമെന്റിൽ കൂടുതൽ റൺസെടുത്തവർക്കുള്ള ഓറഞ്ച് ക്യാപ് നാറ്റ് സ്കിവർ ആണ് സ്വന്തമാക്കിയത്. വനിത പ്രീമിയർ ലീഗ് മൂന്നാം പതിപ്പിൽ നാറ്റ് സ്കിവർ ആകെ നേടിയത് 523 റൺസാണ്. അഞ്ച് അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു.
അമേലിയ കേർ ആണ് കൂടുതൽ വിക്കറ്റ് നേടിയവർക്കുള്ള പർപ്പിൾ ക്യാപ് നേടിയത്. 10 മത്സരങ്ങളിലായി 37 ഓവറുകൾ എറിഞ്ഞ അമേലിയ കേർ 18 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 38 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകൾ നേടിയതാണ് മികച്ച ബൗളിങ്. 7.75 എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്.
Content Highlights: Nat Sciver-Brunt won orange cap, Amelia Kerr is the purple cap winner