
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണിയെ പ്രശംസിച്ച് ചെന്നൈ സൂപ്പർ കിങ്സ് മുൻ സഹതാരം തിസാര പെരേര. തന്നെ സംബന്ധിച്ചടത്തോളം ധോണിയാണ് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച നായകനെന്നാണ് പെരേരയുടെ വാക്കുകൾ. 'ചെന്നൈ സൂപ്പർ കിങ്സിലും റൈസിങ് പുനെ സൂപ്പർ ജയന്റ്സിലും ഞാൻ ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിച്ചിട്ടുണ്ട്. എന്നെ ഒരു പവർഹിറ്ററാക്കിയത് ധോണിയാണ്. എന്റെ കഴിവിൽ ധോണിക്ക് വിശ്വാസമുണ്ടായിരുന്നു.' തിസാര പെരേര സ്പോർട്സ്കീഡയോട് പ്രതികരിച്ചു.
ധോണിയുടെ നായകമികവ് തുറന്നുകാണിക്കുന്ന ഒരു സംഭവവും പെരേര ഓർമിച്ചു. 'ധോണിയുടെ നായകമികവ് ചൂണ്ടിക്കാട്ടാൻ ഞാനൊരു പഴയ കഥ പറയാം. ഞങ്ങൾ റൈസിങ് പുനെ സൂപ്പർ ജയന്റ്സിനായി കളിക്കുകയായിരുന്നു. പുനെയ്ക്ക് നാല്, അഞ്ച് വിക്കറ്റുകൾ നഷ്ടമായി. അപ്പോൾ ഞാൻ ബാറ്റിങ്ങിനെത്തിയപ്പോൾ എനിക്ക് സിംഗിളുകൾ എടുക്കണോ, ആക്രമിച്ച് കളിക്കണോയെന്ന് സംശയമുണ്ടായിരുന്നു. ഞാൻ പ്രതിരോധത്തിനാണ് ശ്രമിച്ചത്.' പെരേര പറഞ്ഞു.
'ധോണി എന്നോട് പറഞ്ഞു. എന്താണ് നിങ്ങൾ കാണിക്കുന്നത്? ഇപ്പോൾ തന്നെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി എന്നായിരുന്നു എന്റെ മറുപടി. എന്നാൽ എല്ലാ പന്തിലും ആക്രമിച്ച് കളിക്കാനായിരുന്നു ധോണി നൽകിയ നിർദ്ദേശം. ആക്രമിച്ച് കളിക്കാനുള്ള എന്റെ കഴിവിൽ ധോണിക്ക് വിശ്വാസമുണ്ടായിരുന്നു. അഞ്ചിന് 60 എന്ന സ്കോറിൽ നിന്നും ഏഴിന് 190 എന്ന സ്കോറിലേക്കെത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞാൻ 40 റൺസ് നേടി. ധോണി 80-90 റൺസും നേടി.' പെരേര ഓർമിച്ചു.
Content Highlights: Thisara Perera recalls special IPL memory about his best captain MS Dhoni