
2021ൽ സ്പാനിഷ് ക്ലബ് ബാഴ്സലോണ വിട്ട് ലയണൽ മെസ്സി ഫ്രീ ഏജന്റായി നിന്നിരുന്ന സമയം താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നതായി ഇറ്റാലിയൻ ക്ലബ് എ സി മിലാൻ മുൻ ഡയറക്ടർ പൗലോ മാൾഡീനി. 'മെസ്സിയെ എ സി മിലാനിൽ കളിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. എന്നാൽ അത് സാധ്യമാകില്ലെന്ന് മനസിലായി. കാരണൺ സമയം ഒരുപാട് വൈകിയിരുന്നു. ഞങ്ങളുടെ എതിരാളികളായ ഇന്റർ മിലാനിൽ മെസ്സി കളിച്ചേക്കുമെന്ന് അന്ന് വാർത്തകളുണ്ടായിരുന്നു. അത് കേട്ടപ്പോൾ ഞാൻ ശരിക്കും ഭയന്നുപോയി.' അന്നത്തെ എ സി മിലാൻ ഡയറക്ടർ പൗലോ മാൾഡീനി പ്രതികരിച്ചു. ഒരു ഇറ്റാലിയൻ പോഡ്കാസ്റ്റിനോടായിരുന്നു മാൾഡീനിയുടെ പ്രതികരണം.
കൊവിഡ് 19നെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ലയണൽ മെസ്സിയെ നിലനിർത്താൻ സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്ക് കഴിയാതെ പോയത്. ഇതോടെ ലയണൽ മെസ്സിയും ബാഴ്സലോണയും തമ്മിലുണ്ടായിരുന്ന 17 വർഷത്തെ ബന്ധത്തിന് അവസാനമായി. തൊട്ടുപിന്നാലെ ഫ്രഞ്ച് ക്ലബായ പി എസ് ജിയിലേക്കാണ് ലയണൽ മെസ്സി എത്തിയത്.
2023ൽ മെസ്സിയും പി എസ് ജിയും തമ്മിലുള്ള കരാറും അവസാനിച്ചു. പിന്നാലെ അമേരിക്കൻ ക്ലബായ ഇന്റർ മയാമിയിലാണ് മെസ്സി എത്തിയത്. ഇപ്പോൾ ഇന്റർ മയാമിയിൽ മെസ്സി കളി തുടരുകയാണ്. 2026 ലോകകപ്പിൽ നിലവിലെ ലോകചാംപ്യന്മാരായ അർജന്റീനയ്ക്കൊപ്പം മെസ്സി കളിക്കാനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlights: When AC Milan ex-director confirmed he tried to sign Lionel Messi