
ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20 ഫൈനലില്‍ സച്ചിന്റെ വിക്കറ്റെടുത്തതിനു ശേഷമുള്ള ടിനോ ബെസ്റ്റിന്റെ ആഹ്ലാദപ്രകടനം ശ്രദ്ധ പിടിച്ചുപറ്റി. മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന സച്ചിനെ ടിനോ ബെസ്റ്റിന്റെ പന്തിൽ ബൗണ്ടറി ലൈനിൽ വാൾട്ടൻ ക്യാച്ചെടുത്താണ് പുറത്താക്കിയത്. പുറത്താകുന്നതിനു മുമ്പ് ഒരു സിക്സറിന്റേയും രണ്ട് ബൗണ്ടറികളുടേയും സഹായത്തോടെ സച്ചിൻ 18 പന്തിൽ 25 റൺസ് നേടിയിരുന്നു.
വിൻഡീസിനെതിരെ 149 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് സച്ചിനും അമ്പാട്ടി റായിഡുവും തകർപ്പൻ തുടക്കമാണ് നൽകിയത്. 7.5 ഓവറിൽ ഇന്ത്യൻ സ്കോർ 67 ൽ എത്തിയിരുന്നു ഒരു ഘട്ടം. ഈ സമയത്തായിരുന്നു സച്ചിൻ ബെസ്റ്റിനെ പുൾ ഷോട്ടിലൂടെ സിക്സർ പായിക്കാനുള്ള ശ്രമത്തിൽ പുറത്താവുന്നത്. ഈ വിക്കറ്റ് ബെസ്റ്റ് ആഘോഷിക്കുകയും ചെയ്തു. ആരാധകർ അപ്പോൾ ഓർത്തത് സച്ചിന്റെ വിടവാങ്ങൽ ടെസ്റ്റ് മത്സരം കൂടിയാണ്. അന്നും വിൻഡീസ് നിരയിലെ പ്രധാന താരമായിരുന്നു പേസ് ബോളറായ ടിനോ ബെസ്റ്റ്.
2013 നവംബര്‍ 15ലായിരുന്നു ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും വലിയ പ്രതിഭാശാലികളിലൊരാളായ സച്ചിന്റെ വിടവാങ്ങൽ ടെസ്റ്റ്. അന്ന് വെസ്റ്റിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 182 റണ്‍സിനെതിരേ ഇന്ത്യ 157/2 എന്ന നിലയില്‍ ഇന്ത്യ തലേ ദിവസം ബാറ്റിങ് അവസാനിപ്പിക്കുമ്പോള്‍ 38 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. രണ്ടാം ദിവസം ആ സ്‌കോറിനെ മുന്നോട്ട് കൊണ്ടുപോയ സച്ചിൻ നേടിയത് 74 റണ്‍സായിരുന്നു. 118 പന്തില്‍ മനോമോഹനമായ 12 ബൗണ്ടറികള്‍ അകമ്പടി സേവിച്ച ഇന്നിങ്സായിരുന്നു അത്.
അന്ന് 24 വര്‍ഷത്തെ കരിയറിനിടെ സച്ചിനെതിരേ അധികമാരും പുറത്തെടുക്കാന്‍ തയാറാകാത്ത തന്ത്രവുമായാണ് ടിനൊ ബെസ്റ്റ് ഇതിഹാസതാരത്തെ എതിരിടാനിറങ്ങിയത്. അന്ന് സച്ചിനെ സ്ലെഡ്ജ് ചെയ്യാനും ബെസ്റ്റ് മടികാണിച്ചില്ല. ഓരോ പന്തും കഴിയുമ്പോള്‍ ബെസ്റ്റിന്റെ വാക്ശരങ്ങള്‍ സച്ചിന് നേരെ ഉണ്ടായിരുന്നു. പതിവുപോലെ നാവടക്കി ബാറ്റെടുത്ത് സച്ചിൻ മറുപടി നൽകുകയും ചെയ്തു. ഷോട്ട് പിച്ച് പന്തുകള്‍ കൊണ്ട് പേടിപ്പിക്കാന്‍ നോക്കിയപ്പോള്‍ അപ്പര്‍ കട്ടിനു മുതിര്‍ന്നായിരുന്നു അന്ന് സച്ചിൻ തിരിച്ചടിച്ചത്. ശേഷം ഫിഫ്റ്റിയിലേക്കുള്ള കോപ്പിബുക്ക് ബാക്ക്ഫുട്ട് ഡ്രൈവ്. നേരിട്ട 91ാമത്തെ പന്തിൽ അന്ന് ബൗണ്ടറി നേടിയിട്ടായിരുന്നു സച്ചിൻ അർധശതകം തികച്ചത്.
ഏതാനും ഓവറുകള്‍ കൂടി കഴിഞ്ഞപ്പോള്‍ നിരാശനായി കാല്‍മുട്ടില്‍ കൈകുത്തി കുനിഞ്ഞു നില്‍ക്കുന്ന ബെസ്റ്റിന്റെ തോളില്‍ സച്ചിൻ തലോടി ആശ്വസിപ്പിച്ച രംഗങ്ങളും അന്ന് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്ന് സച്ചിന്റെ വിക്കറ്റ് കിട്ടാതെ പോയ ടിനോ ബെസ്റ്റിന് ഈ ഫൈനലിൽ ഒടുവിൽ മാസ്റ്റർ ബ്ലാസ്റ്ററുടെ വിക്കറ്റ് ലഭിക്കുകയായിരുന്നു.
Content highlights: tino best celebrates sachin's wicket