
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് രവിചന്ദ്രൻ അശ്വിന്‍. കഴിഞ്ഞ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയ്‌ക്കിടെയാണ് ഇതിഹാസ സ്പിന്നർ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി 106 ടെസ്റ്റ് മത്സരങ്ങൾ കളിച്ചാണ് 38കാരനായ താരം അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കിയത്.
എന്നാല്‍ വിരമിക്കലിനെ കുറിച്ച് തന്‍റെ പദ്ധതി അതായിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് അശ്വിൻ. ധരംശാലയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന തന്‍റെ നൂറാമത്തെ ടെസ്റ്റിന് ശേഷം വിരമിക്കാനാണ് താൻ ആഗ്രഹിച്ചിരുന്നതെന്നാണ് അശ്വിന്‍ പറയുന്നത്. നൂറാം ടെസ്റ്റിൽ ബിസിസിഐ നല്‍കിയ മെമെന്‍റോ ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ കൈകളിൽ നിന്ന് ലഭിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും അശ്വിന്‍ വ്യക്തമാക്കി.
അതിന് വേണ്ടി ധോണിയെ ക്ഷണിച്ചുവെങ്കിലും താരത്തിന് വരാന്‍ കഴിഞ്ഞിരുന്നില്ലെന്നും അശ്വിൻ തുറന്നുപറഞ്ഞു. എന്നാല്‍ അതിന് പകരമായി 2025ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ തന്റെ പഴയ തട്ടകമായ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് തന്നെ തിരികെ എത്തിച്ച് ധോണി തനിക്ക് മികച്ച സമ്മാനം നല്‍കിയെന്നും അശ്വിന്‍ പറഞ്ഞു.
'ധരംശാലയിൽ എന്റെ നൂറാമത്തെ ടെസ്റ്റിന് ഞാൻ എം എസ് ധോണിയെ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ കൈയിൽ നിന്ന് മെമെന്റോ സ്വീകരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ആ ടെസ്റ്റോടെ വിരമിക്കണമെന്നും ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് വരാൻ സാധിച്ചില്ല. എന്നിരുന്നാലും എന്നെ സിഎസ്കെയിലേക്ക് തിരികെ എത്തിച്ചുകൊണ്ടുള്ള സമ്മാനം അദ്ദേഹം എനിക്ക് നൽകുമെന്ന് ഞാൻ കരുതിയില്ല. ഇത് വളരെ മികച്ചതാണ്. ഈ സമ്മാനത്തിന് നന്ദി എം എസ്. ചെന്നൈയിലേക്ക് തിരികെ എത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്', അശ്വിന്‍ പറഞ്ഞു.
"I called Dhoni for my 100th Test. I invited him to hand over memento in Dharamshala. I wanted to make that my last Test, but he couldn’t make it. What I didn’t expect was that he would give me an even better gift — bringing me back to CSK.” - Ash anna 💛 pic.twitter.com/25f8q7mkMY
— 𝑻𝑯𝑨𝑳𝑨 (@Vidyadhar_R) March 16, 2025
2008-ൽ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെയാണ് അശ്വിന്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തുന്നത്. 2015ല്‍ സിഎസ്കെ വിട്ടതിന് ശേഷം ഇതാദ്യമായാണ് താരം ചെന്നൈയിലേയ്ക്ക് മടങ്ങിയത്തുന്നത്. ഐപിഎല്ലിൽ ചെന്നൈയെ കൂടാതെ പഞ്ചാബ് കിങ്‌സ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകള്‍ക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്.
Content Highlights: R Ashwin reveals Dhoni surprised him with 'even better gift' after failing to show up for his 100th Test