'സ്റ്റുപിഡ്, സ്റ്റുപിഡ്, സ്റ്റുപിഡ്!'; ഗവാസ്‌കറുടെ വൈറല്‍ കമന്ററി അനുകരിച്ച് റിഷഭ് പന്ത്, വീഡിയോ ഹിറ്റ്

ഓസ്‌ട്രേലിയയ്‌ക്കെതിരെ കഴിഞ്ഞ വര്‍ഷം നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ റിഷഭ് പന്തിനെ കമന്ററിക്കിടെ ഗവാസ്‌കര്‍ വിമര്‍ശിച്ചത് വൈറലായിരുന്നു

dot image

ക്രിക്കറ്റ് ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറുടെ വൈറല്‍ കമന്ററി അനുകരിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ കഴിഞ്ഞ വര്‍ഷം നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ റിഷഭ് പന്തിനെ കമന്ററിക്കിടെ ഗവാസ്‌കര്‍ വിമര്‍ശിച്ചത് വൈറലായിരുന്നു. മെല്‍ബണ്‍ ടെസ്റ്റിനിടെ മോശം ഷോട്ട് കളിച്ച് വിക്കറ്റ് കളഞ്ഞ പന്തിനെ 'സ്റ്റുപിഡ്, സ്റ്റുപിഡ്, സ്റ്റുപിഡ്' എന്ന് പറഞ്ഞാണ് ഗവാസ്‌കര്‍ വിമര്‍ശിച്ചത്.

ഗവാസ്‌കറുടെ ഈ കമന്ററി റീക്രിയേറ്റ് ചെയ്യുകയാണ് റിഷഭ് പന്ത്. ഗവാസ്‌കര്‍ പറഞ്ഞ അതേ രീതിയില്‍ 'സ്റ്റുപിഡ്, സ്റ്റുപിഡ്, സ്റ്റുപിഡ്' എന്ന് പറഞ്ഞ് റിഷഭ് പന്ത് ചിരിക്കുന്ന വീഡിയോ താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ മൂന്നാം ദിനമായിരുന്നു റിഷഭ് പന്ത് പുറത്തായത്. മെല്‍ബണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനം മോശം ഷോട്ട് കളിച്ച് ആദ്യ സെഷനില്‍ തന്നെ പന്ത് പുറത്തായത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 37 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ സ്‌കോട്ട് ബോളണ്ട് നഥാന്‍ ലിയോണിന്റെ കൈകളിലെത്തിച്ചാണ് മടക്കിയത്. ഇതില്‍ നിരാശനായ ഗാവസ്‌കര്‍ കമന്ററിക്കിടെ തന്നെ പന്തിനെ വിമര്‍ശിക്കുകയായിരുന്നു.

പന്തിന്റെ ഷോട്ട് സെലക്ഷനെ 'മണ്ടത്തരം' എന്നാണ് ഗവാസ്‌കര്‍ വിശേഷിപ്പിച്ചത്. മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തി ബാറ്റര്‍ ടീമിനെ നിരാശപ്പെടുത്തിയെന്നും മുന്‍ താരം ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് വേണ്ടിയല്ല മറിച്ച് പന്ത് ഓസീസിന് വേണ്ടി കളിക്കുകയാണെന്നാണ് തോന്നിപ്പിച്ചതെന്നും ഗാവസ്‌കര്‍ ആരോപിക്കുകയും ചെയ്തിരുന്നു.

Content Highlights: Rishabh Pant recreates ‘stupid, stupid, stupid’ commentary clip of Sunil Gavaskar, Video Goes Viral

dot image
To advertise here,contact us
dot image