
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് കളിക്കുവാനായി പാകിസ്താൻ സൂപ്പർ ലീഗ് ഒഴിവാക്കിയ ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷിനെതിരെ നടപടിക്ക് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഐപിഎൽ താരലേലത്തിൽ കോർബിൻ ബോഷ് അൺസോൾഡായിരുന്നു. എങ്കിലും മുംബൈ ഇന്ത്യൻസ് താരം ലിസാർഡ് വില്യംസിന് പരിക്കേറ്റ് ഐപിഎല്ലിൽ നിന്ന് പിന്മാറിയതോടെ പകരക്കാരനായി കോർബിൻ ബോഷ് എത്തുകയായിരുന്നു. എന്നാൽ ഐപിഎൽ നടക്കുന്ന സമയത്ത് തന്നെ പാകിസ്താൻ സൂപ്പർ ലീഗും നടത്താനാണ് പിസിബിയുടെ തീരുമാനം. ഇതോടെ രണ്ട് ടൂർണമെന്റുകളിൽ ഒന്നിൽ നിന്ന് പിന്മാറാനായി കോർബിൻ ബോഷ് തീരുമാനിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ താരത്തിന് പിസിബി കാരണം കാണിക്കൽ നോട്ടീസ് അയച്ചുകഴിഞ്ഞു.
2016ലാണ് പാകിസ്താൻ ക്രിക്കറ്റ് ലീഗ് ആരംഭിച്ചത്. എന്നാൽ ഇതാദ്യമായാണ് ഇരുടൂർണമെന്റുകളിലെയും മത്സരങ്ങൾ ഒരേ ദിവസങ്ങളിൽ വരുന്നത്. നേരത്തെ ഫെബ്രുവരി-മാർച്ച് മാസങ്ങളിലായിരുന്നു പാകിസ്താൻ സൂപ്പർ ലീഗ് നടന്നിരുന്നത്. എന്നാൽ ഇത്തവണ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനെ തുടർന്ന് ഏപ്രീൽ-മെയ് മാസങ്ങളിലാണ് പാകിസ്താൻ സൂപ്പർ ലീഗ് നടക്കുക.
മാർച്ച് 22 മുതൽ മെയ് 25 വരെയാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം പതിപ്പ് നടക്കുക. ഐപിഎൽ ലേലത്തിൽ അൺസോൾഡായ നിരവധി താരങ്ങൾ പിന്നീട് പാകിസ്താൻ സൂപ്പർ ലീഗ് ടീമുകളുമായി കരാറിലെത്തിയിട്ടുണ്ട്.
Content Highlights: Corbin Bosch Breaches PSL Contract To Join IPL