
ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം ആരെന്ന ചോദ്യത്തിന് അർജന്റീൻ ഇതിഹാസ താരങ്ങളുടെ പേര് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ സംബന്ധിച്ചടത്തോളം ഡീഗോ മറഡോണയും ലയണൽ മെസ്സിയുമാണ് വ്യത്യസ്ത തലമുറകളിലെ മികച്ച താരങ്ങളെന്ന് പ്രധാനമന്ത്രി പറയുന്നു. ഇരുവരും മറ്റ് താരങ്ങളെക്കാൾ മുകളിലാണെന്നും മോദി പ്രതികരിച്ചു. അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും പോഡ്കാസ്റ്ററുമായ ലെക്‌സ് ഫ്രിഡ്മാന്റെ ഷോയില്‍ മോദി പ്രതികരിച്ചു.
ഇന്ത്യയിൽ നിരവധി മേഖലകളിൽ ഫുട്ബോൾ വലിയ ആവേശമാണ്. ഇന്ത്യയുടെ വനിത ഫുട്ബോൾ മികച്ച പ്രകടനം നടത്തുന്നു. അതുപോലെ പുരുഷ ടീമും മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. കുറച്ചുകാലം പിന്നോട്ടുപോയാൽ, 1980കളിൽ എപ്പോഴും കേട്ടുകൊണ്ടിരുന്ന പേര് ഡീഗോ മറഡോണയുടേതാണ്. പഴയ തലമുറയിലുള്ളവർക്ക് മറഡോണ ഒരു വലിയ ഇതിഹാസം തന്നെയായിരുന്നു. എന്നാൽ ഇപ്പോഴത്തെ തലമുറയോട് ചോദിച്ചാൽ അവർ അതിവേഗം ലയണൽ മെസ്സിയുടെ പേര് പറയും. നരേന്ദ്ര മോദി വ്യക്തമാക്കി.
ഇന്ത്യയോ പാകിസ്താനോ മികച്ച ക്രിക്കറ്റ് ടീമെന്ന ചോദ്യത്തിനും പ്രധാനമന്ത്രി പ്രതികരിച്ചു. വിജയങ്ങളാണ് മികച്ച ടീമിനെ തീരുമാനിക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. ഒരു കായികമത്സരത്തിന്റെ സാങ്കേതികത്വത്തെക്കുറിച്ച് സംസാരിക്കുവാൻ എനിക്ക് കഴിയില്ല. അത്തരം വിലയിരുത്തലുകൾ കായിക താരങ്ങൾക്കെ പറയാൻ കഴിയൂ. അവർ മികച്ച ടീം ഏതെന്നും മികച്ച താരങ്ങൾ ആരെന്നും പറയും. എന്നാൽ ചിലസമയങ്ങളിൽ മത്സരത്തിലെ വിജയങ്ങളാണ് മികച്ച ടീമിനെ തീരുമാനിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഒരു ക്രിക്കറ്റ് മത്സരം നടന്നിരുന്നു. ആ മത്സരത്തിന്റെ വിജയം മികച്ച ടീം ഏതെന്ന് പറയുന്നു. ഇത്തരം മത്സരഫലങ്ങൾ വെച്ചാണ് സാധാരണക്കാർ മികച്ച ടീമിനെ തിരഞ്ഞെടുക്കുന്നത്. മോദി പറഞ്ഞു.
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയും പാകിസ്താനും നേർക്കുനേർ വന്നത്. മത്സരത്തിൽ ആറ് വിക്കറ്റിന്റെ വിജയം ഇന്ത്യയ്ക്ക് നേടാൻ കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49.4 ഓവറിൽ 241 റൺസിൽ എല്ലാവരും പുറത്തായി. 42.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി.
Content Highlights: PM Modi was asked about his opinion on the 'greatest footballer of all time