കഴിഞ്ഞ IPL സീസണില്‍ വിജയിക്കുന്നതിനേക്കാൾ അതിജീവനത്തിലായിരുന്നു ശ്രദ്ധ; തുറന്നുപറഞ്ഞ് ഹാര്‍ദിക് പാണ്ഡ്യ

2024 ജൂണില്‍ നടന്ന ടി20 ലോകകപ്പ് വിജയത്തിനുശേഷം കാര്യങ്ങളെല്ലാം മാറിമറിഞ്ഞെന്നും ഹാര്‍ദിക് വ്യക്തമാക്കി

dot image

2024 ഐപിഎല്‍ സീസണില്‍ വിജയിക്കുന്നതില്‍ ആയിരുന്നില്ല തന്റെ ശ്രദ്ധയെന്ന് തുറന്നുപറയുകയാണ് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് 2024 സീസണിലാണ് പഴയ തട്ടകമായിരുന്ന മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുവരുന്നത്. അതേ സീസണില്‍ തന്നെ രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മുംബൈ നിയമിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഹാര്‍ദിക്കിനെയും മുംബൈ ഇന്ത്യന്‍സിനെയും സംബന്ധിച്ചിടത്തോളം മോശം സീസണായിരുന്നു അത്. മുംബൈയ്ക്ക് അഞ്ച് ഐപിഎല്‍ കിരീടം സമ്മാനിച്ച രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദിക്കിനെ മുംബൈ ക്യാപ്റ്റനായി നിയമിച്ചതില്‍ ആരാധകര്‍ ശക്തമായ പ്രതിഷേധം അറിയിച്ചു. ഗ്രൗണ്ടിലും കൂവലോടെയാണ് ഹാര്‍ദിക്കിനെ സ്വീകരിച്ചത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ നിരാശപ്പെടുത്തിയ ഹാര്‍ദിക്കിന് മുംബൈ ഇന്ത്യന്‍സിനെ മികച്ച രീതിയില്‍ നയിക്കാനും സാധിച്ചില്ല. 14 മത്സരങ്ങളില്‍ നിന്ന് നാല് വിജയങ്ങള്‍ മാത്രം നേടി പട്ടികയില്‍ ഏറ്റവും താഴെയായാണ് മുംബൈ ഫിനിഷ് ചെയ്തത്. 2025 ലെ ഐപിഎല്ലിന് മുന്നോടിയായി 2024 സീസണിനെക്കുറിച്ച് മനസുതുറക്കുകയാണ് ഹാര്‍ദിക്.

'എനിക്ക് ചുറ്റും എന്ത് സംഭവിച്ചാലും ക്രിക്കറ്റിനെ നെഞ്ചോടുചേര്‍ത്ത് പോകാനാണ് ഞാന്‍ തീരുമാനിച്ചത്. യുദ്ധക്കളം ഒരിക്കലും വിടാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. വിജയിക്കുക എന്നതിനപ്പുറം അതിജീവിക്കാനായിരുന്നു ഞാന്‍ അന്ന് ശ്രമിച്ചിരുന്നത്. കരിയറില്‍ അങ്ങനെയുള്ള ചില ഘട്ടങ്ങളും ഉണ്ടായിരിക്കാം', ജിയോ ഹോട്ട്‌സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ ഹാര്‍ദിക് പറഞ്ഞു.

2024 ജൂണില്‍ നടന്ന ടി20 ലോകകപ്പ് വിജയത്തിനുശേഷം കാര്യങ്ങളെല്ലാം മാറിമറിഞ്ഞെന്നും ഹാര്‍ദിക് വ്യക്തമാക്കി. 'ആ നാളുകള്‍ കടന്നുപോകാന്‍ സമയമെടുത്തു. ടി20 ലോകകപ്പിന് ശേഷം കാര്യങ്ങളെല്ലാം മാറി. എനിക്ക് സ്‌നേഹവും പിന്തുണയും ലഭിച്ചുതുടങ്ങി. എന്നെ സംബന്ധിച്ചിടത്തോളം അതൊരു '360 ഡിഗ്രി'യിലുള്ള വഴിത്തിരിവായിരുന്നു', ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഐപിഎല്‍ 2025 സീസണിനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. മാര്‍ച്ച് 23ന് ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.

Content Highlights: Hardik Pandya explains ‘360-degree turnaround’ after IPL 2024

dot image
To advertise here,contact us
dot image