
തന്റെ ഐപിഎൽ കരിയറിൽ ഏറ്റവുമധികം ഖേദിക്കുന്ന നിമിഷത്തെപ്പറ്റി തുറന്നുപറഞ്ഞ് ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിങ് ധോണി. 2019 ലെ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിൽ നടന്ന ഫൈനലിനിടെ മൈതാനത്തേക്ക് ഇറങ്ങിവന്ന് ചെന്നൈ ക്യാപ്റ്റൻ ധോണി ദേഷ്യം പ്രകടിപ്പിച്ചത് വലിയ വാർത്തയായിരുന്നു. എന്നാൽ ആ സംഭവമാണ് താനിന്ന് ഏറ്റവും കൂടുതൽ ഖേദിക്കുന്ന നിമിഷമെന്ന് തുറന്നുപറയുകയാണ് ധോണി.
മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. ബെൻ സ്റ്റോക്സ് എറിഞ്ഞ ഒരു സ്ലോ ബോൾ താരത്തിന്റെ കൈവിട്ടു പോവുകയും ഒരു ഹൈ ഫുൾ ടോസായി മാറുകയും ചെയ്തു. ഈ സമയത്ത് അംപയർ നോബോൾ വിളിക്കുകയും ശേഷം സ്ക്വയർ ലെഗ് അംപയർ ആ തീരുമാനം മാറ്റുകയുമാണ് ചെയ്തത്. ഇത് കണ്ട ധോണി മൈതാനത്തേക്ക് ദേഷ്യത്തോടെ എത്തുകയായിരുന്നു. ഈ സംഭവത്തെ പറ്റിയാണ് ധോണി സംസാരിച്ചത്.
ഇത്തരം സാഹചര്യങ്ങളിൽ താൻ സംയമനം പാലിക്കേണ്ടിയിരുന്നു എന്നാണ് ധോണി പറഞ്ഞത്. 'ഒരു ഐപിഎൽ മത്സരത്തിനിടെ ഞാൻ മൈതാനത്തേക്ക് ഇറങ്ങിച്ചെന്നിട്ടുണ്ട്. അതൊരു വലിയ പിഴവായിരുന്നു. അതിന് മുൻപും ഒരുപാട് സാഹചര്യത്തിൽ എനിക്ക് ഇങ്ങനെ ദേഷ്യം തോന്നിയിട്ടുണ്ട്. കാരണം നമ്മൾ ഒരു കായിക മത്സരമാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ അപ്പോൾ അനുഭവിക്കുന്ന സമ്മർദ്ദവും വലുതായിരിക്കും. എല്ലാ മത്സരങ്ങളിലും വിജയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മൾ മൈതാനത്ത് ഇറങ്ങുന്നത്. അതുകൊണ്ടു തന്നെ നമുക്ക് ഇത്തരത്തിൽ ദേഷ്യം ഉണ്ടാവാനുള്ള സാധ്യത വളരെ വലുതാണ്. ഈ സാഹചര്യങ്ങളിൽ പ്രതികരിക്കാതെ മാറിപ്പോവുക എന്നതാണ് ചെയ്യേണ്ടത്. കൃത്യമായി ശ്വാസമെടുത്ത് നമുക്ക് സമ്മർദ്ദത്തെ അതിജീവിക്കാൻ സാധിക്കണം', ധോണി പറഞ്ഞു.
Content Highlights: MS Dhoni on him storming onto the field to argue with the umpires in ‘no-ball’ fiasco in 2019 IPL