ചാംപ്യൻസ് ട്രോഫി നടത്തിപ്പ്, പാകിസ്താന് കോടികളുടെ നഷ്ടം; താരങ്ങളുടെ പ്രതിഫലം കുറച്ചേക്കും: റിപ്പോർട്ട്

29 വർഷത്തിന് ശേഷമായിരുന്നു പാകിസ്താൻ ഒരു ഐസിസി ടൂർണമെന്റിന് വേദിയായത്

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെൻറിന് വേദിയായ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനുണ്ടായത് കോടികളുടെ നഷ്ടം. ടൂര്‍ണ്ണമെന്റിനായി 85 മില്യൺ ഡോളർ (ഏകദേശം 869 കോടി രൂപ) ചെലവാക്കിയ പിസിബിക്ക് 85 ശതമാനം നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ദ ടെലഗ്രാഫ് വാർത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. 58 മില്യണ്‍ ഡോളര്‍ (ഏകദേശം 503 കോടി രൂപ) തുക ചാംപ്യൻസ് ട്രോഫിക്ക് വേദിയായ മൂന്ന് സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി പാക് ബോർഡിന് ചെലവഴിക്കേണ്ടി വന്നിരുന്നു. റാവല്‍പിണ്ടി, കറാച്ചി, ലാഹോര്‍ എന്നിവിടങ്ങളായിരുന്നു ചാംപ്യൻസ് ട്രോഫിക്ക് വേദിയായത്. പരിപാടിയുടെ സംഘാടനത്തിനും മറ്റും 40 മില്യണ്‍ ഡോളറോളം (ഏകദേശം 347 കോടി രൂപ) ചെലവായി.

ടിക്കറ്റ് വില്‍പനയിലൂടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയുമൊക്കെ ആകെ ആറ് മില്യണ്‍ ഡോളര്‍ (ഏകദേശം 52 കോടി രൂപ) മാത്രമാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് തിരിച്ചുലഭിച്ചത്. ഇതോടെ ടൂർണമെന്റ് നടത്തിപ്പിലെ നഷ്ടം കളിക്കാർക്ക് ഉൾപ്പെടെ നേരിടേണ്ടി വരുമെന്നാണ് സൂചന. പാക് താരങ്ങളുടെ മാച്ച് ഫീയും മറ്റു ആനുകൂല്യങ്ങളും ഇതിനോടകം ബോർഡ് വെട്ടിക്കുറച്ചതായാണ് റിപ്പോർട്ടുകൾ. ഇനിമുതൽ താരങ്ങള്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസ സൗകര്യം ഒഴിവാക്കിയേക്കും. ടി20 ചാംപ്യൻഷിപ്പിനുള്ള മാച്ച് ഫീസ് 90 ശതമാനം കുറയ്ക്കാനും റിസർവ് കളിക്കാരുടെ പേയ്‌മെന്റുകൾ 87.5 ശതമാനം കുറയ്ക്കാനും പാക് ടീം മാനേജ്‌മെന്റ് തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്.

29 വർഷത്തിന് ശേഷമായിരുന്നു പാകിസ്താൻ ഒരു ഐസിസി ടൂർണമെന്റിന് വേദിയായത്. എന്നാൽ ടൂർണമെന്റിൽ ഒരു മത്സരത്തിൽ മാത്രമാണ് പാകിസ്താൻ സ്വന്തം നാട്ടിൽ കളിച്ചത്. ന്യൂസിലാൻഡിനെതിരെ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ പാകിസ്താൻ സ്വന്തം നാട്ടിൽ കളിച്ചു. ഇന്ത്യയ്ക്കെതിരായ മത്സരത്തിനായി പാകിസ്താന് ദുബായിലേക്ക് സഞ്ചരിക്കേണ്ടി വന്നു. ബം​ഗ്ലാദേശിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നു. ഒരു മത്സരം ജയിക്കാൻ കഴിയാതെ ടൂർണമെന്റിൽ നിന്ന് ആദ്യം തന്നെ പാകിസ്താൻ പുറത്താകുകയും ചെയ്തു.

Content Highlights: PCB Suffers Rs 869 Crore Loss In Champions Trophy

dot image
To advertise here,contact us
dot image