'ഓരോ പന്തും മൈന്‍ഡ് ഗെയിം പോലെ'; നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ആ ബോളറെ കുറിച്ച് കോഹ്‌ലി

'ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും അദ്ദേഹമാണ് മികച്ച ബോളർ. ഐ‌പി‌എല്ലിൽ അദ്ദേഹം എന്നെ കുറച്ച് തവണ പുറത്താക്കിയിട്ടുണ്ട്.'

dot image

കരിയറില്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളറെ വെളിപ്പെടുത്തി സൂപ്പർ താരം വിരാട് കോഹ്‌ലി. ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിൻസിനെയും ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സണെയുമെല്ലാം കോഹ്‌ലി നേരിട്ടിട്ടുണ്ടെങ്കിലും തനിക്ക് ഏറ്റവും വെല്ലുവിളിയായ ബോളറായി കോഹ്‌ലി തിരഞ്ഞെടുത്തത് ഇന്ത്യയുടെ സ്റ്റാർ പേസറും മുംബൈ ഇന്ത്യൻസ് താരവുമായ ജസ്പ്രിത് ബുംമ്രയെയാണ്. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണിന് മുന്നോടിയായാണ് റോയല്‍ ചലഞ്ചേഴ്സ് താരമായ വിരാടിൻ‌റെ പ്രതികരണം.

താൻ നേരിട്ടതിൽ വച്ച് ഏറ്റവും കടുപ്പമേറിയ ബോളർ ബുംമ്രയാണെന്നും അദ്ദേഹത്തെ നേരിടാൻ നല്ല സ്കിൽ വേണമെന്നുമാണ് റോയൽ ചലഞ്ചേഴ്‌സിന്റെ മുൻ നായകൻ വിരാട് കോഹ്‌ലി പറയുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിന് തയ്യാറെടുക്കുന്ന കോഹ്‌ലി ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ലോകത്തിലെ ഏറ്റവും മികച്ച ബോളർ ബുംമ്രയാണെന്നതിൽ സംശയമില്ലെന്നും പറഞ്ഞു.

'ജസ്പ്രീത് ബുംമ്ര ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണെന്നതിൽ യാതൊരു സംശയവുമില്ല. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും അദ്ദേഹമാണ് മികച്ച ബോളർ. ഐ‌പി‌എല്ലിൽ അദ്ദേഹം എന്നെ കുറച്ച് തവണ പുറത്താക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിനെ ഞാൻ ആവേശത്തോടെയാണ് നോക്കി കാണുന്നത്. ജസ്പ്രീത് ബുംമ്രയെ നേരിടുമ്പോൾ ആവേശം തോന്നാറുണ്ട്. കാരണം ഞങ്ങൾക്ക് നെറ്റ്സിൽ അത്രയ്ക്ക് തീവ്രത കാണിക്കാൻ പറ്റില്ല. ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വന്നാൽ ഞങ്ങൾ എപ്പോഴും ഓരോ പന്തും ഒരു മൈൻഡ് ഗെയിം പോലെയാണ് കളിക്കുന്നത്', ആർ‌സി‌ബി പുറത്തുവിട്ട വീഡിയോയിൽ കോഹ്‌ലി പറഞ്ഞു.

ബുംമ്രയെ നേരിട്ട 16 ഇന്നിംഗ്‌സുകളിൽ നിന്ന് 147.36 സ്ട്രൈക്ക് റേറ്റോടെ 140 റൺസാണ് ഇതുവരെ കോഹ്‌ലി നേടിയത്. 15 ബൗണ്ടറികളും അഞ്ച് സിക്സറുകളും താരത്തിനെതിരെ കോഹ്ലി അടിച്ചിട്ടുണ്ട്. ഇരുവരും നേർക്കുനേർ വന്നിട്ടുള്ള 16 പോരാട്ടങ്ങളിൽ അഞ്ച് തവണയും കോഹ്‌ലിയെ പുറത്താക്കാൻ ബുംമ്രയ്ക്ക് കഴിഞ്ഞു.

Jasprit Bumrah got the better of Virat Kohli

2024-25ലെ ഓസ്‌ട്രേലിയയ്ക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയുടെ അഞ്ചാം ടെസ്റ്റ് മത്സരത്തിനിടെ പരിക്കേറ്റ ബുംമ്ര ഇപ്പോൾ വിശ്രമത്തിലാണ്. പരിക്ക് കാരണം ബുംമ്രയ്ക്ക് ചാംപ്യൻസ് ട്രോഫി നഷ്ടമായിരുന്നു. ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരങ്ങളും താരത്തിന് നഷ്ടമാകും എന്നാണ് വാർത്തകൾ. ഏപ്രിലോടെ ആയിരിക്കും ബുംമ്ര കളിക്കളത്തിലേക്ക് തിരിച്ചെത്തുക.

മാർച്ച് 22 മുതൽ ആരംഭിക്കാനിരിക്കുന്ന ഐ‌പി‌എല്ലിന്റെ ഉദ്ഘാടന മത്സരത്തിൽ ആർ‌സി‌ബി നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെ‌കെ‌ആർ) നേരിടും. ഏപ്രിൽ 7 ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മുംബൈ ഇന്ത്യൻസ്- ആർ‌സി‌ബി പോരാട്ടം.

Content Highlights: Virat Kohli names toughest bowler ever faced, RCB star says ‘every ball is like a mind game’

dot image
To advertise here,contact us
dot image