
ക്രിക്കറ്റ് കരിയറിൽ ഞാൻ നേരിടാൻ ഏറ്റവും ബുദ്ധിമുട്ടിയ ബൗളർ ജസ്പ്രീത് ബുംമ്രയെന്ന് ഇന്ത്യൻ സഹതാരം വിരാട് കോഹ്‍ലി. 'ലോകക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിലും ഇപ്പോഴത്തെ ഏറ്റവും മികച്ച ബൗളർ ബുംമ്രയെന്നതിൽ സംശയമില്ല. ഐപിഎല്ലിൽ എന്നെ ബുംമ്ര പലതവണ പുറത്താക്കിയിട്ടുണ്ട്. നിരവധി തവണ ബുംമ്രയെ ഞാൻ വിജയകരമായി നേരിട്ടിട്ടുണ്ട്. എപ്പോൾ ബുംമ്ര എനിക്കെതിരെ പന്തെറിയാൻ വരുമ്പോഴും അത് വെല്ലുവിളിയാണെന്ന് മനസിലാക്കും. നെറ്റ്സിലെ പരിശീലനം ചിലപ്പോൾ ഒരു ഐപിഎൽ മത്സരത്തിന് തുല്യമാണ്. നെറ്റ്സിലെ പരിശീലനം ആയാലും ഐപിഎൽ മത്സരമായാലും ഞാൻ നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളർ ബുംമ്രയാണ്.' റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഒരു പരിപാടിക്കിടെ കോഹ്‍ലി പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം പതിപ്പിനായി വിരാട് കോഹ്‍ലി ഇപ്പോൾ ബെംഗളൂരുവിലാണ്. മാർച്ച് 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് റോയൽ ചലഞ്ചേഴ്സ് നേരിടേണ്ടത്. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡൻ ഗാർഡിനിലാണ് ഉദ്ഘാടന മത്സരം നടക്കുക.
ഐപിഎല്ലിൽ കിരീടം നേടാത്ത ടീമെന്ന പേരുദോഷം ഇത്തവണ ഒഴിവാക്കാനാണ് റോയൽ ചലഞ്ചേഴ്സിന്റെ ശ്രമം. മുമ്പ് മൂന്ന് തവണ ഐപിഎല്ലിന്റെ ഫൈനൽ കളിച്ചതാണ് റോയൽ ചലഞ്ചേഴ്സിന്റെ മികച്ച നേട്ടം. 2009, 2011, 2016 സീസണുകളിലാണ് ആർസിബി ഐപിഎല്ലിന്റെ ഫൈനൽ കളിച്ചത്.
Content Highlights: Virat Kohli picks Bumrah is the toughest bowler ever faced