
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിക്കൊപ്പം അടുത്തിടെ ചിലവഴിച്ച സൗഹൃദ നിമിഷങ്ങളെക്കുറിച്ച് സംസാരിച്ച് മുൻ സഹതാരം ഹർഭജൻ സിങ്. ധോണിയുടെ ഐപിഎൽ തയ്യാറെടുപ്പുകളെക്കുറിച്ച് ഉൾപ്പെടെ സംസാരിച്ചെന്നാണ് ഹർഭജൻ പറയുന്നത്. 'ഞങ്ങളുടെ ഒരു സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് ഞാൻ ധോണിയെ കണ്ടിരുന്നു. ധോണിക്ക് ഇപ്പോഴും മികച്ച കായികക്ഷമതയുണ്ട്. ഞാൻ ധോണിയോട് ചോദിച്ചു. 44-ാം വയസിൽ എന്താണ് നിങ്ങൾ ചെയ്യാൻ പോകുന്നത്. ഇതൊക്കെ ബുദ്ധിമുട്ടല്ലേ? തീർച്ചയായും ബുദ്ധിമുട്ടാണെന്നായിരുന്നു ധോണിയുടെ മറുപടി. എന്നാൽ ഐപിഎൽ എനിക്ക് സന്തോഷം നൽകുന്നു. എന്റെയുള്ളിൽ ആഗ്രഹം നിലനിൽക്കുന്ന കാലത്തോളം ഐപിഎൽ കളിക്കണം. ഒരുവർഷം മുഴുവൻ ക്രിക്കറ്റ് കളിക്കാതിരിക്കുന്നത് ബുദ്ധിമുട്ടാണ്. ധോണി മറുപടി നൽകി. എത്ര അധികമായി ക്രിക്കറ്റ് കളിക്കാമെന്ന് ധോണി കാണിച്ചുതന്നു. ഏതൊരു താരത്തേക്കാളും മികച്ച രീതിയിൽ ധോണി ഐപിഎൽ കളിക്കുന്നു. അയാൾ വെറുതെ കുറച്ച് സമയം ഗ്രൗണ്ടിൽ ചിലവഴിക്കുകയല്ല. ധോണി ബൗളർമാരുടെമേൽ ആധിപത്യം സൃഷ്ടിക്കുന്നു.' ഇഎസ്പിൻ ക്രിക്ഇൻഫോയോട് ഹർഭജൻ പറഞ്ഞു.
'രണ്ട് മാസത്തെ പരിശീലനമാണ് ധോണി ഐപിഎല്ലിനായി നടത്തുന്നത്. എന്നാൽ ആ സമയത്ത് കൂടുതൽ പന്തുകളെ നേരിടുന്നു. 2-3 മണിക്കൂർ ഓരോ ദിവസവും പരിശീലനം നടത്തുന്നു. അപ്പോൾ ബാറ്റിങ് ടൈമിങ്ങ് ശരിയാകുന്നു. സിക്സറുകൾ പറക്കുന്നു. പരിശീലനത്തിനായി ഗ്രൗണ്ടിൽ ആദ്യം എത്തുന്നത് ധോണിയാണ്. അവസാനം മടങ്ങുന്നതും ധോണിയാണ്. അതും 44-ാം വയസിലേക്ക് കടക്കുന്ന ധോണി! അതാണ് അയാളും യുവതാരങ്ങളും തമ്മിലുള്ള വ്യത്യാസം.' ഹർഭജൻ വ്യക്തമാക്കി.
ഏതാനും മാസങ്ങൾക്ക് മുമ്പ് ധോണിയുമായി 10 വർഷത്തിലധികമായി താൻ സംസാരിക്കാറില്ലെന്ന് തുറന്നുപറഞ്ഞ് ഹർഭജൻ സിങ് രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ സഹതാരങ്ങളിൽ ഇപ്പോഴും മികച്ച ബന്ധം തുടരുന്നവരുടെ പേര് ചോദിച്ചപ്പോൾ യുവരാജ് സിങ്ങിന്റെയും ആശിഷ് നെഹ്റയുടെയും പേരാണ് ഹർഭജൻ പറഞ്ഞത്. ധോണിയുടെ പേര് പറഞ്ഞപ്പോൾ ആ ബന്ധത്തിൽ വിളലുകളുണ്ടെന് വ്യക്തമാക്കുന്നതായിരുന്നു ഇന്ത്യൻ മുൻ ഓഫ് സ്പിന്നറുടെ വാക്കുകൾ.
'ധോണിയുമായി ഞാൻ സംസാരിക്കാറില്ല. ഞാൻ ചെന്നൈ സൂപ്പർ കിങ്സിൽ കളിച്ചപ്പോൾ ധോണിയുമായി സംസാരിക്കുമായിരുന്നു. മറ്റുള്ള സാഹചര്യങ്ങളിൽ ഞാൻ ധോണിയുമായി സംസാരിക്കാറില്ല. ഇപ്പോൾ 10 വർഷത്തിലധികമായി. അതിന് കാരണമായി എനിക്ക് ഒന്നും പറയാനില്ല. ഒരുപക്ഷേ ധോണിക്ക് എന്തെങ്കിലും പറയാൻ ഉണ്ടാവും. എന്താണ് കാര്യമെന്ന് എനിക്ക് അറിയില്ല. ചെന്നൈ സൂപ്പർ കിങ്സിനായി ഐപിഎൽ കളിക്കുമ്പോൾ ഞാനും ധോണിയും സംസാരിക്കുമായിരുന്നു. എന്നാൽ അത് ഗ്രൗണ്ടിലേക്ക് മാത്രമായി ഒതുക്കപ്പെട്ടു. മത്സരത്തിന് ശേഷം ധോണി എന്റെ റൂമിലേക്ക് വരാറില്ലായിരുന്നു. ഞാൻ അങ്ങോട്ടും പോകാറില്ലായിരുന്നു.' ഹർഭജൻ അന്ന് വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പതിറ്റാണ്ടോളം ഒരുമിച്ച് കളിച്ചവരാണ് ഹർഭജൻ സിങ്ങും മഹേന്ദ്ര സിങ് ധോണിയും. 2007ൽ ട്വന്റി 20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും എം എസ് ധോണിയുടെ ഇന്ത്യൻ സംഘം സ്വന്തമാക്കുമ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ഹർഭജൻ സിങ്. എന്നാൽ 2013ന്റെ തുടക്കത്തിൽ മോശം പ്രകടനങ്ങളെ തുടർന്ന് പലതാരങ്ങളും ഇന്ത്യൻ ടീമിന് പുറത്താകുന്നതിന് കാരണമായി. വീരേന്ദർ സെവാഗ്, യുവരാജ് സിങ്, ഗൗതം ഗംഭീർ, സഹീർ ഖാൻ, ഹർഭജൻ സിങ് തുടങ്ങിയവർ ടീമിന് പുറത്തായി.
2015ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഹർഭജനും ധോണിയും അവസാനമായി ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിച്ചത്. 2018, 2019 ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയും ഇരുവരും ഒരുമിച്ച് കളിച്ചിരുന്നു. ഇപ്പോൾ ഏറെ വർഷങ്ങളുടെ ഇടവേളയിൽ ഇരുവരും തമ്മിലുള്ള സൗഹൃദം വീണ്ടും ഉണരുന്നതിന്റെ സൂചനകളാണ് ആരാധകർക്ക് ലഭിക്കുന്നത്.
Content Highlights: Harbhajan Singh Asked MS Dhoni About IPL Preparation