
പാകിസ്താനെതിരായ രണ്ടാം ട്വന്റി 20യിലും ന്യൂസിലാൻഡിന് വിജയം. അഞ്ച് വിക്കറ്റിന്റെ വിജയമാണ് ന്യൂസിലാൻഡ് നേടിയത്. മഴയെ തുടർന്ന് 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 13.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നേടിയ ന്യൂസിലാൻഡ് പാകിസ്താനെ ബാറ്റിങ്ങിനയച്ചു. തകർച്ചയോടെയാണ് പാകിസ്താൻ ബാറ്റിങ് തുടങ്ങിയത്. 19 റൺസിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. 28 പന്തിൽ നാല് ഫോറും മൂന്ന് സിക്സറും സഹിതം 46 റൺസെടുത്ത ക്യാപ്റ്റൻ സൽമാൻ അലി ആഗയുടെയും 14 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം 26 റൺസെടുത്ത ഷദാബ് ഖാന്റെയും 14 പന്തിൽ രണ്ട് ഫോറും ഒരു സിക്സറും സഹിതം പുറത്താകാതെ 22 റൺസെടുത്ത ഷഹീൻ ഷാ അഫ്രീദിയുടെയും പ്രകടനമാണ് പാകിസ്താന് ഭേദപ്പെട്ട സ്കോർ നൽകിയത്.
മറുപടി പറഞ്ഞ ന്യൂസിലാൻഡിനായി ടിം സെയ്ഫേർട്ട് 22 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സറും സഹിതം 45 റൺസെടുത്തു. 16 പന്തിൽ ഒരു ഫോറും അഞ്ച് സിക്സറും സഹിതം 38 റൺസെടുത്ത ഫിൻ അലന്റെ പ്രകടനം കൂടിയായപ്പോൾ ന്യൂസിലാൻഡ് അനായാസം വിജയത്തിലേക്ക് നീങ്ങി. ആദ്യ വിക്കറ്റിൽ ഇരുവരും 66 റൺസ് നേടി. പിന്നീട് ന്യൂസിലാൻഡിന്റെ അഞ്ച് വിക്കറ്റ് വീഴ്ത്താനായത് മാത്രമാണ് പാകിസ്താന്റെ നേട്ടം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇതോടെ ന്യൂസിലാൻഡ് 2-0ത്തിന് മുന്നിലായി.
Content Highlights: Nz won by 5 Wickets and Lead the 5 match T20 Series with 2-0