
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ഉപദേശവുമായി മുൻ നായകൻ സൗരവ് ഗാംഗുലി. കഴിഞ്ഞ നാല്, അഞ്ച് വർഷത്തെ രോഹിത് ശർമയുടെ കഴിവാണ് എന്നെ അതിശയിപ്പിക്കുന്നത്. രോഹിത് ശർമയുടെ കഴിവ് പരിഗണിച്ചാൽ ഇതിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാം. ഇന്ത്യൻ ടീമിന് ഇംഗ്ലണ്ടിലാണ് അടുത്ത ടെസ്റ്റ് പരമ്പര. ഇതിന് മുമ്പ് രോഹിത് സ്വയം വിലയിരുത്തണം. ഓസ്ട്രേലിയയിലേതിന് സമാനമായ പരമ്പരയാവും ഇംഗ്ലണ്ടിലും നടക്കുക. ഇംഗ്ലണ്ടിൽ പേസും സ്വിങ്ങുമുണ്ട്. രോഹിത് ശർമ വൈറ്റ് ബോൾ ക്രിക്കറ്റിൽ പുറത്തെടുക്കുന്ന മികവ് ടെസ്റ്റിലും നടത്താൻ കഴിയണം. സൗരവ് ഗാംഗുലി റെവ്‍സ്പോർട്സിനോട് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റന്റെ റോൾ നിർണായകമാണെന്ന് ഗാംഗുലി ഓർമിപ്പിച്ചു. നേതൃസ്ഥാനം പ്രധാനപ്പെട്ടതാണ്. രോഹിത് ശർമ മികച്ച നായകനാണെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. ഞാൻ ഒരുപാട് മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റനായിരുന്നു. രോഹിത് ശർമ മുംബൈ ഇന്ത്യൻസിന്റെയും ക്യാപ്റ്റനായിരുന്നു. നായകനാകാൻ കഴിവുള്ള ഒരാളെ കണ്ടാൽ എനിക്ക് മനസിലാകും. ഗാംഗുലി പ്രതികരിച്ചു.
വൈറ്റ് ബോൾ ക്രിക്കറ്റിൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസി ഇന്ത്യയെ ഉന്നതങ്ങളിലെത്തിച്ചു. അതിൽ എനിക്ക് അത്ഭുതമില്ല. എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് രോഹിത് തുടർന്നുകളിക്കുമോയെന്ന് തന്നെ എനിക്ക് അറിയില്ല. കളിക്കുകയാണെങ്കിൽ സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ മോശം പ്രകടനം മറികടക്കാൻ കഴിയണം. ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും രോഹിത് ശർമ വ്യക്തമാക്കി.
Content Highlights: Sourav Ganguly Sends Big 'Responsibility' Message To Rohit Sharma