
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് ആരാധകർക്ക് സന്തോഷ വാർത്ത. രാജസ്ഥാന്‍ റോയല്‍സ് ക്യാംപിനെ ആവേശത്തിലാക്കിക്കൊണ്ട് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇതോടെ അടുത്ത ഞായറാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ റോയൽസിന്റെ ആദ്യ പോരാട്ടത്തില്‍ സഞ്ജു കളിക്കുമെന്നുറപ്പായിരിക്കുകയാണ്.
പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന സഞ്ജുവിന് ഐപിഎല്ലിലെ മത്സരങ്ങൾ നഷ്ടമായേക്കുമോയെന്ന ആശങ്കയ്ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. കൈവിരലിനേറ്റ പൊട്ടലിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി ബെംഗളൂരുവിലെ എന്‍സിഎയിലായിരുന്നു. അവിടെ നിന്നും ക്ലിയറന്‍സ് ലഭിച്ചതോടെയാണ് സഞ്ജു ഇന്ന് ടീമിനൊപ്പം ചേര്‍ന്നത്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ സഞ്ജുവിന് ബാറ്റ് ചെയ്യാൻ കഴിയുമെങ്കിലും കീപ്പ് ചെയ്യാൻ കഴിയുമോയെന്ന കാര്യം സംശയത്തിലാണ്.
Where is Sanju Samson? Sanju Samson is home! 💗 pic.twitter.com/Gxtd9IBTIr
— Rajasthan Royals (@rajasthanroyals) March 17, 2025
ആദ്യ മത്സരത്തില്‍ വിക്കറ്റ് കീപ്പിങ് ചെയ്യാൻ കഴിയുമെന്ന് എന്‍സിഎയില്‍ നിന്നും സഞ്ജുവിന് ക്ലിയറന്‍സ് കിട്ടിയോ എന്ന കാര്യം വ്യക്തമല്ല. പൂര്‍ണമായി ഫിറ്റായതിനു ശേഷം മാത്രമേ വിക്കറ്റ് കീപ്പിങ് ചുമതല സഞ്ജു ഏറ്റെടുക്കാന്‍ സാധ്യതയുള്ളൂ. വിക്കറ്റ് കീപ്പിങില്‍ നിന്നും സഞ്ജുവിനു മാറിനില്‍ക്കേണ്ടി നന്നാല്‍ പകരം ഈ റോള്‍ ഏറ്റെടുക്കാൻ സാധ്യതയുള്ള താരം ധ്രുവ് ജുറേലായിരിക്കും.
കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിനിടെയാണ് സഞ്ജു സാംസണിന്റെ ചൂണ്ടുവിരലിന് പരിക്കേറ്റത്. രാജസ്ഥാൻ റോയൽസിൽ തന്റെ പുതിയ സഹതാരം കൂടിയായ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറെ നേരിടുന്നതിനിടെ പന്ത് അദ്ദേഹത്തിന്റെ വിരലില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കടുത്ത വേദനയനുഭവപ്പെട്ടതിന് പിന്നാലെ താരം ഗ്രൗണ്ടിൽ തന്നെ ചികിത്സ തേടുകയും ചെയ്തിരുന്നു.
എന്നാല്‍ പരിക്ക് ഗൗരവമുള്ളതാണെന്നു പിന്നീട് വ്യക്തമായതോടെ ഇംഗ്ലണ്ട് ടീമിന്റെ റണ്‍ചേസില്‍ വിക്കറ്റ് കീപ്പിങ് റോളില്‍ സഞ്ജു ഇറങ്ങിയില്ല. ടീം മാനേജ്‌മെന്റ് അദ്ദേഹത്തിനു വിശ്രമം നല്‍കുകയായിരുന്നു. പകരം ധ്രുവ് ജുറേലാണ് കളിയില്‍ വിക്കറ്റ് കാത്തത്. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരത്തിന് ഐപിഎൽ മത്സരങ്ങൾ നഷ്ടമാകുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
Content Highlights: Sanju Samson Joins Rajasthan Royals Camp Ahead of IPL 2025 season