
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 18-ാം പതിപ്പിന് മുമ്പായി ആരാധക പിന്തുണ ആവശ്യപ്പെട്ട് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ. 'ഇത്തവണ ബാറ്റ് ചെയ്യാൻ പോകുമ്പോഴും പന്തെറിയാൻ തയ്യാറെടുക്കുമ്പോഴും ടോസിനായി എത്തുമ്പോഴും എനിക്കായി ആരവം മുഴക്കണം. വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിന്റെ ജഴ്സിയുടെ നിറമാണ് എനിക്ക് കാണേണ്ടത്. മറ്റൊന്നും അവിടെ കാണേണ്ടതില്ല.' ഹാർദിക് പാണ്ഡ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.
'കഴിഞ്ഞ വർഷത്തെ ഐപിഎൽ അനുഭവങ്ങളും ഹാർദിക് തുറന്നുപറഞ്ഞു. കഴിഞ്ഞ വർഷത്തെ ഐപിഎൽ യാത്ര ഒരൽപ്പം ബുദ്ധിമുട്ടേറിയതായിരുന്നു. എങ്കിലും അത് മികച്ചതായിരുന്നു. ഞാൻ എന്നെത്തനെ ടീമിൽ നിർണായക സാന്നിധ്യമായാണ് കരുതിയിരിക്കുന്നത്. ടീമിനായി ഞാൻ എന്റെ ഓൾ റൗണ്ടറെന്ന കഴിവ് ഉപയോഗിക്കുന്നു. അത് തീർച്ചയായും ടീമിന് ഗുണം ചെയ്യും.' ഹാർദിക് പാണ്ഡ്യ വ്യക്തമാക്കി.
അതിനിടെ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയ്ക്ക് മുംബൈ ഇന്ത്യൻസിനെ നയിക്കാൻ സാധിക്കില്ല. കഴിഞ്ഞ സീസണിൽ അവസാന മത്സരം ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ കുറഞ്ഞ ഓവർനിരക്ക് ലഭിച്ചതാണ് ഈ സീസണിലെ ആദ്യ മത്സരത്തിൽ നിന്ന് ഹാർദിക് വിലക്ക് നേരിടാൻ കാരണം. പകരമായി ഇന്ത്യൻ ട്വന്റി 20 ടീമിന്റെ കൂടി നായകനായ സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിനെ നയിക്കാനെത്തും.
രോഹിത് ശർമയ്ക്ക് പകരമായി കഴിഞ്ഞ സീസണിലാണ് ഹാർദിക് പാണ്ഡ്യ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. അഞ്ച് കിരീടങ്ങൾ മുംബൈയ്ക്ക് സമ്മാനിച്ച രോഹിത് ശർമയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതോടെ ഹാർദിക് പാണ്ഡ്യ കടുത്ത ആരാധകരോഷത്തിന് ഇരയായി. സീസണിൽ 14 മത്സരങ്ങളിൽ 10ൽ മാത്രമാണ് ഹാർദിക് പാണ്ഡ്യ നയിച്ച മുംബൈ ഇന്ത്യൻസിന് വിജയിക്കാനായത്. മൂന്ന് മത്സരങ്ങളിൽ കൃത്യസമയത്ത് പന്തെറിഞ്ഞ് തീർക്കാൻ കഴിയാതിരുന്നതോടെ മുംബൈ നായകൻ ഹാർദിക് ഒരു മത്സരത്തിൽ നിന്ന് വിലക്ക് നേരിടുകയായിരുന്നു.
Content Highlights: Hardik Pandya's message for Mumbai Indians fans ahead of new season