'രാജസ്ഥാനെ മാത്രമല്ല ഇന്ത്യന്‍ ടീമിനെ നയിക്കാനും സഞ്ജുവിന് കഴിയും'; കാരണം പറഞ്ഞ് ഹെറ്റ്‌മെയർ

രാജസ്ഥാൻ റോയൽസ് ഈ സീസണിൽ നിലനിർത്തിയ ഏക വിദേശ താരമാണ് ഹെറ്റ്മെയർ

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തന്റെ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍. നായകനെന്ന നിലയില്‍ സഞ്ജു വളരെ മിടുക്കനാണെന്നും ഭാവിയില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി വരെ അദ്ദേഹത്തെ കാണാനാവുമെന്നുമാണ് ഹെറ്റ്മെയർ‌ പറയുന്നത്. ഐപിഎല്ലിന്റെ പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായാണ് സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ചുകൊണ്ട് വിൻഡീസ് താരം സംസാരിച്ചത്.

'സഞ്ജുവിനെ ഒരു മികച്ച ക്യാപ്റ്റനെന്ന നിലയിലാണ് ഞാൻ വിലയിരുത്തുന്നത്. എപ്പോഴെങ്കിലും ഇന്ത്യൻ ടീമിനെ നയിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം ടീമിൽ നന്നായി ശാന്തത പാലിക്കുകയും സഹതാരങ്ങൾക്കൊപ്പം മികച്ച രീതിയിൽ പ്രവർത്തിക്കാനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്', ഹെറ്റ്മെയർ ക്രിക്കറ്റ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2022 മുതല്‍ റോയല്‍സ് ടീമിന്റെ ഭാഗമാണ് ഹെറ്റ്‌മെയര്‍. ടീമിന് വേണ്ടി അഞ്ച്, ആറ് സ്ഥാനങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്താനും അദ്ദേഹത്തിന് സാധിക്കാറുണ്ട്. രാജസ്ഥാൻ റോയൽസ് ഈ സീസണിൽ നിലനിർത്തിയ ഏക വിദേശ താരമാണ് ഹെറ്റ്മെയർ. 11 കോടി രൂപയ്ക്കായിരുന്നു രാജസ്ഥാൻ വെസ്റ്റ് ഇൻഡീസ് താരത്തെ നിലനിർത്തിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജസ്ഥാന് വേണ്ടി മികച്ച പ്രകടനമാണ് ഹെറ്റ്മെയർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തവണയും താരത്തിന്റെ ഭാഗത്ത് നിന്നും മികച്ച പ്രകടനം ഉണ്ടാകുമെന്നുതന്നെയാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.

അതേസമയം 2025 ഐപിഎൽ പോരാട്ടങ്ങൾക്ക് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മാർച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തോട് കൂടിയാണ് ഇന്ത്യൻ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുന്നത്. മലയാളി സൂപ്പർ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസും കിരീട പോരാട്ടത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം മാർച്ച് 23നാണ് നടക്കുക. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ സൺറൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികൾ.

Content Highlights: Hope Sanju Samson Gets To Lead India At Some Point says Shimron Hetmyer

dot image
To advertise here,contact us
dot image