
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണ്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ നായകനായ എം എസ് ധോണിയും സംഘവും വീണ്ടുമൊരു സീസണിനായി കച്ചമുറുക്കുകയാണ്. ഇതിനിടെ ധോണി ആരാധകരെ ആവേശത്തിലാക്കുന്ന വീഡിയോയാണ് സിഎസ്‌കെ ക്യാംപില്‍ നിന്ന് പുറത്തുവരുന്നത്.
സീസണിന് മുന്നോടിയായുള്ള പരിശീന സെഷനില്‍ തന്റെ ട്രേഡ്മാര്‍ക്കായ ഹെലികോപ്ടര്‍ ഷോട്ട് പറത്തി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് എം എസ് ധോണി. ഈ പ്രായത്തിലും തന്റെ ബാറ്റിങ് കരുത്തിന് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് പരിശീലന മത്സരത്തില്‍ തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നില്‍ തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍. ശ്രീലങ്കയുടെ യുവപേസ് സെന്‍സേഷനായ മതീഷ പതിരാനയുടെ യോര്‍ക്കറിനെതിരെയാണ് ധോണി തകര്‍പ്പന്‍ ഹെലികോപ്ടര്‍ ഷോട്ട് പറത്തിയത്.
കഴിഞ്ഞ ദിവസം നടന്ന സിഎസ്‌കെയുടെ പരിശീലന വേളയിലാണ് ധോണിയെ തന്റെ പ്രധാന ആയുധമായ യോര്‍ക്കര്‍ എറിഞ്ഞു വീഴ്ത്താന്‍ പതിരാന ശ്രമം നടത്തിയത്. പക്ഷേ ധോണി തന്റെ സ്വതസിദ്ധമായ ഹെലികോപ്ടര്‍ ഷോട്ട് പറത്തിയാണ് പതിരാനയ്ക്കുള്ള മറുപടി നല്‍കിയത്. വിക്കറ്റ് ലക്ഷ്യമിട്ടെറിഞ്ഞ പതിരാനയുടെ യോര്‍ക്കറിനെ അംപയറുടെ തലയ്ക്കു മുകളിലൂടെ കിടിലനൊരു ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ ധോണി സിക്സറിലേക്കു പറത്തുകയായിരുന്നു.
തുടര്‍ന്ന് വളരെ കൂളായി അദ്ദേഹം നോണ്‍ സ്ട്രൈക്കറുടെ എന്‍ഡിലേക്ക് നടന്നപ്പോള്‍ ഏറെ നിരാശനായാണ് പതിരാന തിരിഞ്ഞു നടന്നത്. ധോണിയുടെ ഷോട്ട് കണ്ട് നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലുള്ള സഹതാരം ആര്‍ അശ്വിന്‍ ചിരിക്കുന്നതും വീഡിയോയിലുണ്ട്.
ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ടിന്റെ വീഡിയോ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. യോര്‍ക്കറുകളെറിയുന്നതില്‍ മിടുക്കനായ പതിരാനയെ 43-ാം വയസിലും അനായാസം ഹെലികോപ്ടര്‍ ഷോട്ട് പറത്തിയ ധോണിയെ വാഴ്ത്തിപ്പാടുകയാണ് ആരാധകര്‍. ധോണിയും ഹെലികോപ്ടര്‍ ഷോട്ടും ഒരിക്കലും അവസാനിക്കാത്ത പ്രണയകഥയാണെന്നാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്.
Content Highlights: IPL 2025: MS Dhoni hits a Vintage Helicopter Shot Sixer off Matheesha Pathirana