
ജൂണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ ബലഹീനതയെക്കുറിച്ച് പറഞ്ഞ് മുൻ താരം സൗരവ് ഗാംഗുലി. വിരാട് കോഹ്‍ലിയും യശസ്വി ജയ്സ്വാളുമല്ലാതെ മറ്റാർക്കും വിദേശ മണ്ണിൽ 40ന് മുകളിൽ ബാറ്റിങ് ശരാശരിയില്ല. ഒരു മികച്ച ടെസ്റ്റ് ടീം ആവശ്യമെങ്കിൽ ആറ് ബാറ്റർമാരിൽ നാല് താരങ്ങൾക്കെങ്കിലും 50ന് മുകളിൽ ബാറ്റിങ് ശരാശരി വേണം. ഇക്കാര്യം തന്നെ ആകുലപ്പെടുത്തുന്നുവെന്ന് ഗാംഗുലി റെവ്‍സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്ക് മികച്ച പ്രകടനം നടത്താൻ കഴിയും. അതിന് നന്നായി ബാറ്റ് ചെയ്യണം. 400-500 റൺസ് ടീമിന് നേടാൻ കഴിയണം. 200-250 അല്ലെങ്കിൽ 180 റൺസെടുത്താൽ ഇന്ത്യയ്ക്ക് വിജയിക്കാൻ കഴിയില്ല. 400 റൺസ് നേടാൻ കഴിഞ്ഞതുകൊണ്ടാണ് പെർത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ കഴിഞ്ഞത്. ഗാംഗുലി വ്യക്തമാക്കി.
ജൂൺ 20നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിൽ കളിക്കുക. സമീപകാലത്ത് ടെസ്റ്റിൽ ഇന്ത്യ ന്യൂസിലാൻഡിനോട് സ്വന്തം മണ്ണിലും പിന്നാലെ 10 വർഷത്തിന് ശേഷം ബോർഡർ-ഗവാസ്കർ ട്രോഫിയിലും പരാജയപ്പെട്ടിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.
Content Highlights: Indian batters need good average in away series to make good test team says Ganguly