
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 18-ാം പതിപ്പിൽ മികച്ച പ്രതീക്ഷയെന്ന് പഞ്ചാബ് കിങ്സ് പരിശീലകൻ റിക്കി പോണ്ടിങ്. മുൻ വർഷങ്ങളിൽ പഞ്ചാബ് കിങ്സ് എന്ത് റിസൾട്ട് ഉണ്ടാക്കിയെന്നതിൽ കാര്യമില്ല. ഇത്തവണ 11 രാജാക്കന്മാരാകും കളത്തിലെത്തുകയെന്നാണ് പോണ്ടിങ് പറയുന്നത്.
'മികച്ച ക്രിക്കറ്റ് കളിക്കുകയാണ് പഞ്ചാബ് കിങ്സിന്റെ ലക്ഷ്യം. അതിന് കഴിയുന്ന താരങ്ങൾ പഞ്ചാബ് നിരയിലുണ്ട്. പഞ്ചാബ് കിങ്സ് ഒന്നിനെയും ഭയപ്പെടുന്നില്ല. ഇപ്പോൾ ആദ്യ മത്സരത്തിനായി ടീം കാത്തിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസ് ആണ് ആദ്യ മത്സരത്തിലെ എതിരാളികൾ. അടുത്ത അഞ്ച് ആഴ്ചയിൽ ആരാധകർ കാണാൻ പോകുന്നത് ആവേശം നിറഞ്ഞ ക്രിക്കറ്റ് മത്സരങ്ങളാണ്. മുമ്പ് എന്ത് സംഭവിച്ചുവെന്നതിൽ കാര്യമില്ല. മുമ്പുണ്ടായിരുന്ന ടീമിൽ നിന്നും രണ്ട് താരങ്ങളെ മാത്രമാണ് നിലനിർത്തിയിരിക്കുന്നത്. അതുകൊണ്ട് പഴയകാര്യങ്ങൾ ഒന്നും ഓർക്കേണ്ടതില്ല.' റിക്കി പോണ്ടിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഐപിഎല്ലിൽ മാർച്ച് 25ന് ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് പഞ്ചാബ് കിങ്സിന്റെ മത്സരം. കഴിഞ്ഞ തവണ ഐപിഎൽ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായിരുന്ന ശ്രേയസ് അയ്യരാണ് ഇത്തവണ പഞ്ചാബിനെ നയിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിനെ ഐപിഎൽ ഫൈനലിലെത്തിച്ച കോച്ചും ഓസ്ട്രേലിയൻ മുൻ ഇതിഹാസവുമായ റിക്കി പോണ്ടിങ് പരിശീലകന്റെ സ്ഥാനത്തുമുണ്ട്. ഇതോടെ ഇത്തവണത്തെ ഐപിഎല്ലിൽ കളം പിടിക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് കിങ്സ്.
Content Highlights: Ricky Ponting says previous seasons are not scaring the team