സുരക്ഷാ പ്രശ്‌നം; ഐപിഎല്ലില്‍ കൊല്‍ക്കത്ത- ലഖ്‌നൗ മത്സരം മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ട്

രാമ നവമി കാരണം ഐപിഎല്‍ മത്സരം പുനഃക്രമീകരിക്കുന്നത് ഇതാദ്യമല്ല

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഹോം മത്സരം മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാമ നവമി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ പ്രശ്‌നങ്ങളാല്‍ ഏപ്രില്‍ ആറിന് നടക്കാനിരിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഹോം മത്സരം പുനഃക്രമീകരിക്കാനാണ് സാധ്യത. നൈറ്റ് റൈഡേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ലഖ്‌നൗവിനെതിരായ മത്സരം നിശ്ചയിച്ചിരിക്കുന്നത്.

എന്നാല്‍ രാമ നവമി ആഘോഷങ്ങള്‍ കാരണം കൊല്‍ക്കത്ത പൊലീസിന് ഈഡന്‍ ഗാര്‍ഡന്‍സില്‍ മതിയായ സുരക്ഷ ഒരുക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ (സിഎബി) പ്രസിഡന്റ് സ്‌നേഹാശിഷ് ഗാംഗുലി വെളിപ്പെടുത്തി. മത്സരത്തിന് ഇതുവരെ പൊലീസ് സുരക്ഷാ ക്ലിയറന്‍സ് നല്‍കിയിട്ടില്ല. ഇതോടെ മത്സരം മാറ്റിവെക്കുമെന്നാണ് സൂചന.

രാമ നവമി ദിനത്തില്‍ പശ്ചിമ ബംഗാളില്‍ ഉടനീളം ഒരേ ദിവസം 20,000ത്തിലധികം ഘോഷയാത്രകള്‍ ആസൂത്രണം ചെയ്തിരിക്കുകയാണ്. അതുകൊണ്ട് സംസ്ഥാനത്തുടനീളം സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ മത്സരത്തിന് ആവശ്യമായ പൊലീസ് സുരക്ഷ ലഭ്യമല്ലെന്നതാണ് പ്രതിസന്ധി. പൊലീസ് സംരക്ഷണമില്ലാതെ 65,000 പേരുടെ ജനക്കൂട്ടവുമായി ഒരു മത്സരം നടത്തുന്നത് അസാധ്യമാണെന്ന് സിഎബി പ്രസിഡന്റ് ഗാംഗുലി പറഞ്ഞു. സിഎബി ബിസിസിഐയെ ആശങ്ക അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

രാമ നവമി കാരണം ഐപിഎല്‍ മത്സരം പുനഃക്രമീകരിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ സീസണില്‍ രാമ നവമി കാരണം രണ്ട് ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെച്ചിരുന്നു. അതേസമയം ഐപിഎല്‍ 2025 സീസണ്‍ മാര്‍ച്ച് 22ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ കെകെആര്‍-ആര്‍സിബി മത്സരത്തോടെ ആരംഭിക്കുകയാണ്.

Content Highlights: IPL 2025: KKR vs LSG match at Eden Gardens on April 6 likely to be rescheduled due to security reasons

dot image
To advertise here,contact us
dot image