
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 18-ാം പതിപ്പിൽ സൂപ്പർതാരം കെ എൽ രാഹുൽ മധ്യനിരയിലാവും ബാറ്റ് ചെയ്യുകയെന്ന് സൂചന. നിലവിൽ ഡൽഹി ക്യാപിറ്റൽസിന് ഓപണർമാരായി ജെയ്ക് ഫ്രെയ്സർ മക്ഗർഗിനൊപ്പം ഫാഫ് ഡു പ്ലെസിനെയോ അഭിഷേക് പോറലിനോയോ നിയോഗിക്കാൻ കഴിയും. എന്നാൽ ഇംഗ്ലണ്ട് ഹാരി ബ്രൂക്ക് അപ്രതീക്ഷിതമായി ഐപിഎല്ലിൽ നിന്ന് പിന്മാറിയത് ഡൽഹി ക്യാപിറ്റൽസ് മധ്യനിരയിൽ അനുഭവസമ്പത്തുള്ള താരത്തിന്റെ അഭാവം നിഴലിക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് രാഹുൽ മധ്യനിരയിൽ ഇറക്കാൻ ടീം മാനേജ്മെന്റ് ആലോചിക്കുന്നത്.
കഴിഞ്ഞ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ മൂന്നാം നമ്പർ താരമായിരുന്നു വിക്കറ്റ് കീപ്പർ ബാറ്റർ അഭിഷേക് പോറൽ. ഫാഫ് ഡു പ്ലെസിസ് റോയൽ ചലഞ്ചേഴ്സിന്റെ ഓപണിങ് ബാറ്ററും. ഇതോടെ മക്ഗർഗ് - ഡു പ്ലെസി ഓപണിങ് സഖ്യമാവും ഡൽഹി ക്യാപിറ്റൽസിനായി കളത്തിലെത്തുക. അഭിഷേക് പോറൽ മൂന്നാമതും കെ എൽ രാഹുൽ നാലാമതും എത്തും. അഞ്ചാമനായി ക്യാപ്റ്റൻ അക്സർ പട്ടേലും ആറാം നമ്പറിൽ ട്രിസ്റ്റൻ സ്റ്റബ്സും ക്രീസിലെത്തുമെന്നാണ് സൂചന.
കർണാടകയിൽ നിന്നുള്ള താരമായ കെ എൽ രാഹുൽ ഓപണിങ് ബാറ്ററായാണ് ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലേക്ക് കടന്നുവന്നത്. പിന്നീട് ഇന്ത്യൻ ദേശീയ ടീമിൽ പല പൊസിഷനുകളിൽ രാഹുലിനെ പരീക്ഷിച്ചു. അടുത്തിടെ സമാപിച്ച ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കായി ആറാം നമ്പറിൽ ഫിനിഷറുടെ റോളിലാണ് രാഹുൽ എത്തിയത്. ടീമിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് രാഹുൽ വ്യത്യസ്ത പൊസിഷനുകളിൽ ബാറ്റിങ്ങിനെത്തിയിട്ടുണ്ട്.
Content Highlights: K L Rahul might bat in middle order for DC