
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ തുടക്കത്തിലെ മത്സരങ്ങളില്‍ പേസര്‍ ജസ്പ്രീത് ബുംമ്ര ഇല്ലാത്തത് മുംബൈ ഇന്ത്യന്‍സിന് വെല്ലുവിളിയായിരിക്കുമെന്ന് കോച്ച് മഹേല ജയവര്‍ധനെ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ബുംമ്ര 2025 ജനുവരി മുതല്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ജസ്പ്രിത് ബുംമ്ര എപ്പോള്‍ തിരിച്ചെത്തുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഈ സാഹചര്യത്തിൽ താരത്തിന്റെ നിർണായക അപ്ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മുംബൈ കോച്ച്. വര്‍ഷങ്ങളായി താരം മുംബൈ ടീമിന്റെ പ്രധാന താരങ്ങളിലൊരാളാണെന്നും കോച്ച് പറഞ്ഞു. ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുംബൈ കോച്ച് ബുംമ്രയുടെ പരിക്കിനെ കുറിച്ചുള്ള നിര്‍ണായക അപ്‌ഡേറ്റ് നല്‍കിയത്.
'ജസ്പ്രീത് ബുംമ്ര എന്‍സിഎയില്‍ ഉണ്ട്. അദ്ദേഹത്തെക്കുറിച്ചുള്ള അവരുടെ ഫീഡ്ബാക്ക് ഞങ്ങള്‍ കാത്തിരുന്ന് കാണേണ്ടതുണ്ട്. ഇപ്പോള്‍ എല്ലാം നന്നായി പോകുന്നു. ദൈനംദിന അടിസ്ഥാനത്തില്‍ പുരോഗതിയുണ്ട്', ജയവര്‍ദ്ധനെ പറഞ്ഞു.
Mumbai Indians head coach Mahela Jayawardene provides a fitness update on the injured Jasprit Bumrah. pic.twitter.com/Ayx3fM7kc4
— gugobet (@gugobetofficial) March 19, 2025
സീസണിന്റെ തുടക്കത്തിലെ മത്സരങ്ങളിൽ ബുംറയില്ലാത്തത് ടീമില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ മുംബൈയെ നിർബന്ധിതരാക്കിയെന്നും പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു. ‘നമുക്ക് കാത്തിരിക്കേണ്ടി വരികയോ അല്ലെങ്കിൽ മറ്റൊരാളെ കണ്ടെത്തേണ്ടി വരികയോ ചെയ്തേക്കും. അങ്ങനെയാണ് ഞാന്‍ അതിനെ കാണുന്നത്. കുറച്ച് കാര്യങ്ങള്‍ പരീക്ഷിച്ചുനോക്കുകയും കാര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നോക്കാനും ഇത് ഞങ്ങള്‍ക്ക് അവസരം നല്‍കുന്നു. സീസണിന്റെ ആദ്യഘട്ടം പരീക്ഷണങ്ങൾ ചെയ്യാന്‍ ടീമിന് അവസരമുണ്ട്’, ജയവര്‍ധനെ പറഞ്ഞു.
2013 മുതൽ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് ജസ്പ്രിത് ബുംമ്ര. ടീമിന് വേണ്ടി 133 മത്സരങ്ങളില്‍ നിന്ന് 165 വിക്കറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണലിലും താരം മുംബൈക്കായി മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. 6.48 എക്കണോമിയില്‍ പന്തെറിഞ്ഞ് 20 വിക്കറ്റെടുത്തിരുന്നു ബുംമ്ര. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ താരം മൂന്നാമനായിരുന്നു.
അതേസമയം, ഐ.പി.എല്ലില്‍ മുംബൈയുടെ ആദ്യ മത്സരം മാര്‍ച്ച് 23ന് ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്സുമായാണ്. മാര്‍ച്ച് 29 ന് ഗുജറാത്ത് ടൈറ്റന്‍സുമായും മാര്‍ച്ച് 31ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് മുംബൈയുടെ ഈ മാസത്തെ മറ്റ് മത്സരങ്ങള്‍.
Content highlights: Jasprit Bumrah fitness: Mahela Jayawardene shares latest update on MI’s star pacer ahead of IPL 2025