ആദ്യ മത്സരം ചെന്നൈയോടെന്ന് ഹാര്‍ദിക്, 'കട്ടക്കലിപ്പി'ല്‍ ഗ്ലാസ് ഞെരിച്ചുപൊട്ടിച്ച് രോഹിത്; വൈറലായി വീഡിയോ

ഐപിഎല്ലിന്റെ 'എല്‍ ക്ലാസികോ' എന്നറിയപ്പെടുന്ന ചെന്നൈ- മുംബൈ മത്സരത്തിന്റെ ആവേശമുയര്‍ത്തി ഒരു രസകരമായ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്

dot image

ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് ആവേശമുയര്‍ത്തി പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ്. മാര്‍ച്ച് 22ന് നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തോട് കൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുന്നത്. എങ്കിലും 23ന് നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്- മുംബൈ ഇന്ത്യന്‍സ് മത്സരമാണ് ഏറ്റവും കൂടുതല്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

ഐപിഎല്ലിന്റെ 'എല്‍ ക്ലാസികോ' എന്നറിയപ്പെടുന്ന ചെന്നൈ- മുംബൈ മത്സരത്തിന്റെ ആവേശമുയര്‍ത്തി ഒരു രസകരമായ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ഐപിഎല്ലിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവെച്ചിരിക്കുന്ന പ്രോമോ വീഡിയോയില്‍ മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റനായ രോഹിത് ശര്‍മയും നിലവിലെ ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യയുമാണുള്ളത്.

ഒരു റെസ്റ്റോറന്റില്‍ ഇരുന്ന് ജ്യൂസ് കുടിക്കുകയാണ് രോഹിത്തും ഹാര്‍ദിക്കും. അതിനിടെ നമ്മുടെ ആദ്യ മത്സരം എന്നാണെന്ന് ഹാര്‍ദ്ദിക്കിനോട് രോഹിത് ചോദിക്കുന്നുണ്ട്. എന്നാല്‍ രോഹിത്തിന് മറുപടി നല്‍കുന്നതിന് മുന്‍പ് തന്നെ വെയിറ്ററോട് വരാന്‍ ആവശ്യപ്പെടുകയാണ് ഹാര്‍ദിക്. വെയിറ്റര്‍ അടുത്തെത്തിയതും ഞായറാഴ്ച ചെന്നൈയ്‌ക്കെതിരെയാണെന്ന് ഹാര്‍ദിക് രോഹിത്തിനോടായി പറയുന്നു.

ഇതുകേട്ടതോടെ പല്ലിറുമ്മി കട്ടക്കലിപ്പില്‍ രോഹിത് കൈയ്യിലിരുന്ന ഗ്ലാസ് ഞെരിച്ചുപൊട്ടിക്കുകയാണ്. പിന്നാലെ ഒരു പുഞ്ചിരിയോടെ ഹാര്‍ദിക് വെയിറ്ററോട് ഇവിടെ വൃത്തിയാക്കാന്‍ പറയുകയുമാണ് ചെയ്യുന്നത്. രസകരമായ വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇതിന് സിഎസ്‌കെ മറുപടി നല്‍കുമെന്നാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്.

Content Highlights: Star sports Promo Video ahead of CSK-MI Rivalry match in IPL 2025 Goes Viral

dot image
To advertise here,contact us
dot image