
ഐപിഎൽ രാവുകൾക്ക് തിരിതെളിയാൻ ദിവസങ്ങൾ മാത്രം. ഇന്ത്യയുടെ അഭിമാനമായ ട്വന്റി 20 ലീഗ് 18-ാം സീസണിലേക്ക് കടക്കുന്നു. 18-ാം പതിപ്പിന് കളമൊരുങ്ങുമ്പോൾ ഐപിഎല്ലിന്റെ തലവര മാറ്റിയ ആ താരത്തെ മറക്കുന്നത് എങ്ങനെ? ന്യൂസിലാൻഡിൽ നിന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ ബ്രണ്ടൻ മക്കുല്ലമെന്ന ഇതിഹാസ താരം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സും തമ്മിലായിരുന്നു പ്രഥമ ഐപിഎല്ലിലെ ഉദ്ഘാടന മത്സരം. സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും നേർക്കുനേർ വന്ന പോരാട്ടം. പുതിയ ട്വന്റി 20 ലീഗ് കാണാൻ ആരാധകരും തയ്യാറെടുത്തു. ടോസ് വിജയിച്ച ദ്രാവിഡിന്റെ ടീം ഗാംഗുലിയുടെ ടീമിനെ ബാറ്റിങ്ങിനയച്ചു. ഗാംഗുലിക്കൊപ്പം മക്കുല്ലം കൊൽക്കത്തയുടെ ഓപണറായി. പിന്നെ കണ്ടതാണ് ഐപിഎല്ലിന്റെ ഉദ്ഘാടന ചടങ്ങിനേക്കാൾ കൊഴുപ്പേകിയത്.
73 പന്തുകളിൽ 10 ഫോറുകൾ 13 സിക്സറുകൾ. പ്രവീൺ കുമാറും സഹീർ ഖാനും ജാക് കാലിസും പലതവണ ബൗണ്ടറിയിലേക്ക് പാഞ്ഞു. ബ്രണ്ടൻ മക്കുല്ലം ഒറ്റയ്ക്ക് അടിച്ചെടുത്തത് 158 റൺസ്. ഏകദിന ക്രിക്കറ്റിൽ പോലും ഒരു ബാറ്റർ സ്വപ്നം കാണുന്ന സ്കോർ. ഗാംഗുലിയും പോണ്ടിങ്ങും ഡേവിഡ് ഹസിയുമെല്ലാം ആ ബാറ്റിങ് വിരുന്ന് ആസ്വദിച്ചുകൊണ്ട് മറുവശത്ത് നിന്നു. 20 ഓവർ സമാപിച്ചപ്പോൾ കൊൽക്കത്ത നേടിയത് മൂന്നിന് 222 റൺസ്.
രാഹുൽ ദ്രാവിഡും ജാക് കാലിസും മാർക് ബൗച്ചറും അടങ്ങുന്ന അന്നത്തെ വമ്പന്മാർക്ക് ഈ വലിയ സ്കോർ ചെയ്സ് ചെയ്യാനായില്ല. 82 റൺസിൽ റോയൽ ചലഞ്ചേഴ്സ് വീണു. 140 റൺസിന് കൊൽക്കത്തൻ വിജയം. ഐപിഎൽ ആദ്യ സീസണിന് രാജകീയമായ ആരംഭം. അതൊരു തുടക്കം മാത്രമായിരുന്നു. പ്രവചനങ്ങൾ കാറ്റിപ്പറത്തിയ ഐപിഎല്ലെന്ന വലിയ കഥയുടെ തുടക്കം. അതിന് അന്ന് സാരഥിയായത് ബ്രണ്ടൻ മക്കുല്ലമെന്ന കിവീസ് താരവും.
Content Highlights: Brendon McCullum's 158: The innings that changed IPL history