
ഐപിഎൽ 18–ാം സീസണിന് മാർച്ചിൽ തുടക്കമാവുമാവുകയാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള 10 ടീമുകൾ ഏറ്റുമുട്ടുമ്പോൾ അതിൽ കേരളത്തിന് പങ്കാളിത്തമില്ല. എങ്കിലും ഒരു ക്യാപ്റ്റനും മൂന്ന് താരങ്ങളും മലയാളത്തിന്റെ പ്രതിനിധികളായി ഈ സീസണിലുണ്ട്. തുടർച്ചയായ അഞ്ചാം സീസണിലും രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജു സാംസണാണ് കൂട്ടത്തിൽ പുലി. 168 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ഐപിഎല്ലിൽ 4419 റൺസ് നേടിയിട്ടുണ്ട്. ഇതിൽ മൂന്ന് സെഞ്ച്വറികളും 25 അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. 82 ക്യാച്ചുകളും 13 സ്റ്റംപിങ്ങുകളും താരം നടത്തിയിട്ടുണ്ട്.
കേരളത്തെ ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി ഫൈനലിലെത്തിച്ച സച്ചിൻ നാല് വർഷത്തിന് ശേഷം ഐപിഎല്ലിൽ തിരിച്ചെത്തുകയാണ്. ഐപിഎല്ലിൽ 19 മത്സരങ്ങളിൽ നിന്ന് 144 റൺസാണ് താരത്തിന്റെ സമ്പാദ്യം. എന്നാൽ ഇത്തവണ കേരളത്തിനായി രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങി ടൂർണമെന്റുകളിലെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. സച്ചിൻ ബേബി ഇക്കുറി സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലാണ്. മെഗാ ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് കേരള ക്യാപ്റ്റനെ ഹൈദരാബാദ് സ്വന്തമാക്കിയത്.
പഞ്ചാബ് കിങ്സിന് വേണ്ടി കളിക്കാനിറങ്ങുന്ന വിഷ്ണു വിനോദ് ആണ് മറ്റൊരു മലയാളി താരം. 95 ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് ഇത്തവണ വിഷ്ണു വിനോദിനെ സ്വന്തമാക്കിയത്. 2017ൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു വേണ്ടി ഐപിഎലിൽ അരങ്ങേറ്റം കുറിച്ച വിഷ്ണു, 2021ൽ ഡൽഹി ക്യാപിറ്റൽസിന്റെയും 2022ൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെയും താരമായിരുന്നു. എന്നാൽ 2 സീസണിലും കളിക്കാൻ അവസരം ലഭിച്ചില്ല.
മുംബൈ ഇന്ത്യൻസിന് വേണ്ടി കളത്തിലിറങ്ങാനിരിക്കുന്ന വിഘ്നേഷ് പുത്തൂർ ആണ് നാലാമത്തെ മലയാളി. ചൈനാമാൻ ബോളറായ വിഘ്നേഷിനു കഴിഞ്ഞ വർഷത്തെ കേരള ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനമാണ് ഐപിഎലിലേക്കു വഴിതുറന്നത്. ഇരുപത്തിമൂന്നുകാരൻ വിഘ്നേഷിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ സ്വന്തമാക്കിയത്.
Content highlights: malyali palyers for ipl 2025