
ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാനായി പാകിസ്താൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറിയതിൽ പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷ്. പാകിസ്താൻ സൂപ്പർ ലീഗിനോട് ബഹുമാനക്കുറവ് ഇല്ല. സ്വന്തം ഭാവി പരിഗണിക്കുമ്പോൾ മുംബൈ ഇന്ത്യൻസ് ഒരു ഐപിഎൽ ടീം മാത്രമല്ല. മറ്റ് രാജ്യങ്ങളിൽ ഉൾപ്പെടെ മുംബൈയുടെ ടീമുകൾ കളിക്കുന്നുണ്ട്. ഭാവിയിൽ തന്റെ കരിയറിന് ഇത് ഗുണം ചെയ്യും. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് നൽകിയ വിശദീകരണത്തിൽ ബോഷ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് കളിക്കുവാനായി പാകിസ്താൻ സൂപ്പർ ലീഗിൽ നിന്നും ദക്ഷിണാഫ്രിക്കൻ പേസർ കോർബിൻ ബോഷ് പിന്മാറിയത്. പിന്നാലെ താരത്തിന് വക്കീൽ നോട്ടീസുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയിരുന്നു.
നേരത്തെ ഐപിഎൽ താരലേലത്തിൽ കോർബിൻ ബോഷ് അൺസോൾഡായിരുന്നു. എങ്കിലും മുംബൈ ഇന്ത്യൻസ് താരം ലിസാർഡ് വില്യംസിന് പരിക്കേറ്റ് ഐപിഎല്ലിൽ നിന്ന് പിന്മാറിയതോടെ പകരക്കാരനായി കോർബിൻ ബോഷ് എത്തുകയായിരുന്നു. ഐപിഎൽ നടക്കുന്ന സമയത്ത് തന്നെയാണ് പാകിസ്താൻ സൂപ്പർ ലീഗും നടക്കുന്നത്. ഇതോടെ രണ്ട് ടൂർണമെന്റുകളിൽ ഒന്നിൽ നിന്ന് പിന്മാറാനായി കോർബിൻ ബോഷ് തീരുമാനിക്കുകയായിരുന്നു.
2016ലാണ് പാകിസ്താൻ ക്രിക്കറ്റ് ലീഗ് ആരംഭിച്ചത്. എന്നാൽ ഇതാദ്യമായാണ് ഇരുടൂർണമെന്റുകളിലെയും മത്സരങ്ങൾ ഒരേ ദിവസങ്ങളിൽ വരുന്നത്. നേരത്തെ ഫെബ്രുവരി-മാർച്ച് മാസങ്ങളിലായിരുന്നു പാകിസ്താൻ സൂപ്പർ ലീഗ് നടന്നിരുന്നത്. എന്നാൽ ഇത്തവണ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനെ തുടർന്ന് ഏപ്രീൽ-മെയ് മാസങ്ങളിലാണ് പാകിസ്താൻ സൂപ്പർ ലീഗ് നടക്കുക.
Content Highlights: Mumbai Indians Star Breaks Silence On Decision To Ditch PSL In Favour Of IPL